ഡോണൾഡ് ട്രംപ്

ഹുർമുസ്‌ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; പ്രസിഡന്റ് തമാശ പറഞ്ഞതെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും വെല്ലുവിളിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ കടുത്ത സാമ്പത്തിക സമ്മർദത്തിലാക്കാൻ കഴിയുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും ഹുർമുസ് കടലിടുക്ക് ഉടൻ തന്നെ ‘അമേരിക്കൻ ​പ്രദേശമായി’ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു. ന്യൂയോർക്കിൽ വെച്ച് നടന്ന റാലിക്കിടെയാണ് ട്രംപ് ഇറാനെതിരെ കൂടുതൽ മു​ന്നറിയിപ്പുമായി വന്നത്. കടുത്ത സാമ്പത്തിക ഉപരോധത്തിലൂടെ അമേരിക്ക ഇറാനെ പരാജയപ്പെടുത്തുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ, ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ട്രംപിന്റെ പ്രസ്താവന ഒരു തമാശ മാത്രമായിരുന്നു എന്നാണ് മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നതെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം ആറ് മാസത്തോളമായി തുടരുന്ന യു.എസ് ഇറാൻ യുദ്ധത്തിന് അന്ത്യം കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇറാനെതിരെ കൂടുതൽ ശക്തമായ സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായി തകർക്കുന്ന തരത്തിലുള്ള നടപടികൾ അടുത്ത ആഴ്ച തന്നെ ഉണ്ടാകുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെയും പ്രതികരണം.

അതേസമയം ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയായി, ഭീഷണികൾ കൊണ്ടോ ശക്തി പ്രകടനം കൊണ്ടോ ഇറാൻ വഴങ്ങില്ലെന്നും തെഹ്‌റാന്റെ അധികാരപരിധിയിൽ മാത്രമേ ഹുർമുസ് തുറക്കുകയും അടക്കുകയും ചെയ്യുകയെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരിബാബതി വ്യക്തമാക്കി. ട്വീറ്റുകൾ കൊണ്ടോ വിമാനവാഹിനിക്കപ്പലുകൾ കൊണ്ടോ ഹുർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

നേരത്തേ, അമേരിക്കൻ നാവികസേന ഹുർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്നും, സ്റ്റീൽ മതിൽ പോലെ ശക്തമായ നാവിക ഉപരോധം തുടരുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാൻറെ ആണവ പദ്ധതികൾക്ക് അന്ത്യം കുറിക്കാനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനുമുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങൾ പുരോഗമിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. കൂടാതെ ഇറാനെതിരായ നാവിക ഉപരോധം അനിശ്ചിതകാലത്തേക്ക് തുടരാൻ കഴിയുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്തിൽ കുറവുണ്ടായതിനെ തുടർന്ന്, ഇറാൻ ആണവായുധങ്ങൾ നേടുന്നത് തടയുന്നതിന്റെ ഭാഗമായി അൽപ്പം ഉയർന്ന പെട്രോൾ വില നൽകാൻ അമേരിക്കൻ ജനങ്ങൾ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. നവംബറിലെ മിഡ്‌ടേം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇന്ധനവില വർധനവ് ഡെമോക്രാറ്റുകൾ രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ പരാമർശം. 

ഇതിനിടയിൽ, ഇറാനെതിരെ വിന്യസിച്ചിരിക്കുന്ന 'യു.എസ്.എസ് എബ്രഹാം ലിങ്കൺ' എന്ന വിമാനവാഹിനിക്കപ്പലിലെ സൈനികരുടെ മാനസികാരോഗ്യത്തെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള ആശങ്കകളെ ട്രംപ് തള്ളിക്കളഞ്ഞു. കപ്പൽ വളരെ നീണ്ട കാലമായി സേവനത്തിലാണെന്ന റിപ്പോർട്ടുകൾ തള്ളിയ അദ്ദേഹം, ഈ കപ്പലിന് പകരമായി സമാനമായ മറ്റൊരു വിമാനവാഹിനിക്കപ്പൽ ഉടൻ എത്തും എന്ന് സ്ഥിരീകരിച്ചു. ഒമ്പത് മാസത്തോളമായി കടലിൽ തുടരുന്ന ഈ കപ്പലിലെ ചില നാവികർ ആത്മഹത്യക്ക് ശ്രമിച്ചതായും ജീവനക്കാരുടെ കുടുംബങ്ങൾ പരാതി ഉന്നയിച്ചതായും യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ ഈ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ഡെമോക്രാറ്റിക് നിയമജ്ഞർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 28-ന് ഇറാനെതിരായ ആക്രമണങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ ആണവ ഇന്ധന കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് മാറ്റിയത്. 

Tags:    
News Summary - Donald Trump says will declare Strait of Hormuz US territory Iran hits back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.