ട്വീറ്റിലൂടെയോ പ്രസംഗത്തിലൂടെയോ ഹുർമുസ് പിടിച്ചെടുക്കാനാവില്ല; ട്രംപിന് മറുപടിയുമായി ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി "പെട്ടെന്നുതന്നെ" പ്രഖ്യാപിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്ക് കടുത്ത മറുപടിയുമായി ഇറാൻ. ഹുർമുസ് കടലിടുക്ക് "ഇറാനിയൻ ആയിരുന്നു, ഇറാനിയൻ ആണ്, ഇറാനിയൻ ആയി തുടരും" എന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖരിബാബാദി വ്യക്തമാക്കി. "ഇറാന്റെ പരാജയത്തിന് ശേഷം ഹുർമുസ് കടലിടുക്ക് ഉടൻ തന്നെ യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഹുർമുസ് കടലിടുക്ക് ഒരു ട്വീറ്റ് കൊണ്ടോ, വിമാനവാഹിനിക്കപ്പൽ കൊണ്ടോ, ഉത്തരവ് പുറപ്പെടുവിക്കുന്നത് കൊണ്ടോ, തിരഞ്ഞെടുപ്പ് പ്രസംഗം കൊണ്ടോ പിടിച്ചെടുക്കാൻ കഴിയില്ല," എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

എല്ലാവരും യാഥാർത്ഥ്യം അംഗീകരിക്കണം. ഇതുവരെ നിങ്ങൾക്ക് തന്ത്രപരവും കനത്തതുമായ പരാജയങ്ങളാണ് നേരിടേണ്ടി വന്നത്. പരാജയ യാഥാർത്ഥ്യം നിങ്ങൾ അംഗീകരിക്കുകയും നിങ്ങളുടെ വിഭ്രാന്തമായ വ്യാമോഹങ്ങൾ അവസാനിപ്പിക്കുകയും ചെയ്യാത്തിടത്തോളം കാലം ഇറാൻ ഉപരോധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെ പരാജയപ്പെടുത്തി തീർക്കുമെന്നും ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ ജലപാതയായ ഹുർമുസ് കടലിടുക്ക് പെട്ടെന്നുതന്നെ യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞതിന് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നത്. ഇറാനിൽ അണുബോംബ് ഇല്ലെന്ന് ഉറപ്പാക്കുന്നതിന്റെ വിലയായാണ് അമേരിക്കക്കാർ പെട്രോളിയത്തിന് അൽപ്പം കൂടുതൽ പണം നൽകേണ്ടിവരുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ ഇത് ട്രംപ് തമാശയായി പറഞ്ഞതാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. ഹോർമുസിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്ന് ട്രംപ് നേരത്തെയും അവകാശപ്പെട്ടിരുന്നു.

ഹുർമുസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണപോലെ കടന്നുപോകുന്നുവെന്ന യു.എസിന്റെ അവകാശവാദങ്ങൾ നുണകളും കെട്ടിച്ചമച്ചവയും മാത്രമാണെന്ന് ഇറാൻ സെൻട്രൽ മിലിട്ടറി കമാൻഡായ ഖത്താം-അൽ അൻബിയയുടെ വക്താവ് ഇബ്രാഹിം സുൾഫഗാരി പറഞ്ഞു. ഹുർമുസ് കടലിടുക്ക് മുൻകാലങ്ങളിലെന്നപോലെ ഇറാന്റെ പൂർണ്ണമായ നിയന്ത്രണത്തിലുമാണ്. ശക്തരായ ഇറാനിയൻ സായുധ സേനയുടെ അനുമതിയും മേൽനോട്ടവുമില്ലാതെ ഒരു വാണിജ്യ കപ്പലിനും ടാങ്കറിനും ഈ കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ കഴിഞ്ഞിട്ടില്ലെന്നും ഇനിയും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസിന്റെ കാര്യത്തിൽ യു.എസ് തെറ്റായ കണക്കുകൂട്ടലുകൾ നടത്തുന്നുണ്ടെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഫെബ്രുവരി 28-നാണ് യു.എസും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചുതുടങ്ങിയത്. ആക്രമണത്തിൽ പരമോന്നത നേതാവ് അലി ഖാംനഈ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇറാൻ സേന മിഡിൽ ഈസ്റ്റിലെ അമേരിക്കൻ, ഇസ്രായേൽ ആസ്തികൾക്കു നേരെ തിരിച്ചടി ആരംഭിക്കുകയും ഹോർമുസ് അടയ്ക്കുകയും ചെയ്തു.

Tags:    
News Summary - hormuz-us-territory-cant-seize-by-a-tweet says iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.