തെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ഗ്രാമത്തിൽ വീടുകൾക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാർ ഏർപ്പെടുത്തിയ ഉപരോധത്തിൽ അതൃപ്തി അറിയിച്ച് അമേരിക്ക. കുടിയേറ്റക്കാരുടെ ഇത്തരം നടപടികളെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പരസ്യമായി അപലപിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി യു.എസ്, ഇസ്രായേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജലവും വൈദ്യുതിയും വിച്ഛേദിച്ച് ദിവസങ്ങളായി ഫലസ്തീനികളെ വീടുകളിൽ തടവിലാക്കിയിരിക്കുന്ന സംഭവത്തിലാണ് അമേരിക്കയുടെ ഇടപെടൽ.
ഖുസ്റയിൽ ഉപരോധിക്കപ്പെട്ട വീടുകളിൽ ഒരു ഫലസ്തീൻ-അമേരിക്കൻ പൗരന്റെ വസതിയും ഉൾപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്നാണ് വാഷിങ്ടൺ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും, ഇസ്രായേലിന്റെ സുരക്ഷക്ക് സുസ്ഥിരമായ വെസ്റ്റ് ബാങ്ക് അത്യന്താപേക്ഷിതമാണെന്നും ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ ഈ വിഷയത്തിൽ നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുടിയേറ്റക്കാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം അതിക്രമങ്ങളെ അപലപിക്കുന്നത് നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയെ ബാധിച്ചേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. വലതുപക്ഷ സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരണത്തിലുള്ള നെതന്യാഹുവിന്, കുടിയേറ്റക്കാരുടെ വോട്ടുകൾ നിർണ്ണായകമായ ഒരു ഘട്ടത്തിൽ ഈ വിഷയം രാഷ്ട്രീയമായി വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അഭിപ്രായ സർവേകളിൽ നെതന്യാഹുവിന് തിരിച്ചടികൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് ഒരുകൂട്ടം ഇസ്രായേലി കുടിയേറ്റക്കാരും സൈനികരും വീടിനു സമീപം തമ്പടിച്ചത്. രാത്രികാലങ്ങളിൽ വീടിനു നേരെ കല്ലെറിയുകയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സമീപത്തെ ജലൂദ് ഗ്രാമത്തിൽ അൽ തുബാസി കുടുംബത്തിനെതിരെയും സമാനരീതിയിലുള്ള നടപടികൾ നടന്നതായി ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. മാസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ ജൂലൈയിൽ കുടുംബം വീട് വിട്ടുപോകേണ്ടിവന്നിരുന്നു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ അക്രമം ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 64 ഫലസ്തീൻ സമൂഹങ്ങളെ ഇസ്രായേൽ നിർബന്ധിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും മറ്റ് 15 സമൂഹങ്ങളിൽനിന്നായി നിരവധി പേർ വീടുവിട്ടുപോയിട്ടുണ്ടെന്ന് വിവിധ മനുഷ്യാവകാശ സംഘടനകൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രദേശത്ത് കൂടുതൽ ഭൂമി കയ്യേറുന്നതിന്റെ ഭാഗമായാണ് കുടിയേറ്റക്കാർ ഇത്തരം നടപടികൾ തുടരുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുന്ന ഈ സംഭവവികാസങ്ങൾ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.