'ഭക്ഷണമില്ല, പാചകവാതകമില്ല'-ജീവിക്കാൻ നാടുവിടാനൊരുങ്ങി ശ്രീലങ്കൻ ജനത

കൊളംബോ: പട്ടിണിയിൽ വലഞ്ഞ് ശ്രീലങ്കയിലെ ജനങ്ങൾ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ട് നാടുവിടാനൊരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യവസ്തുക്കളും മരുന്നും പാചകവാതകവുമടക്കമുള്ളവ കിട്ടാക്കനിയായ സാഹചര്യത്തിലാണ് ​ജനങ്ങൾ പാസ്‍പോർട്ടിനായി അപേക്ഷ നൽകിയത്. പാസ്‍പോർട്ട് ലഭിക്കാൻ എമിഗ്രേഷൻ ഡിപാർട്മെന്റിനു മുന്നിൽ ആളുകൾക്ക് മണിക്കൂറുകളോളം വരി നിർക്കേണ്ടി വരുന്നുണ്ട്. രണ്ടു ദിവസമായി ശ്രമിച്ചിട്ടും അപേക്ഷ നൽകാൻ കഴിയാത്ത സ്ഥിതിയാണെന്നും ആളുകൾ പറയുന്നു.

കുവൈത്തിൽ ജോലി നോക്കാനാണ് ടെക്സ്റ്റയിൽ ജീവനക്കാരിയായ ആർ.എം.ആർ ലെനോര(33) പാസ്‍പോർട്ടിന് അപേക്ഷിക്കാൻ തീരുമാനിച്ചത്. റസ്റ്റാറന്റിൽ പാചകക്കാരനായിരുന്നു ഭർത്താവ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റസ്റ്റാറന്റ് അടച്ചതോടെ വീട്ടിലെ അടുപ്പും പുകയുന്നത് വല്ലപ്പോഴുമായി. പാചകവാതകം കിട്ടാതെയായതും ഭക്ഷ്യസാധനങ്ങളുടെ വില വർധിച്ചതുമാണ് റസ്റ്റാറന്റ് പൂട്ടാൻ കാരണമെന്ന് അവർ വിവരിക്കുന്നു.

സ്വന്തം നാട്ടിൽ പുതിയ ജോലി കണ്ടെത്തുക വലിയ പ്രയാസമാണ്. കിട്ടിയാൽ തന്നെ വളരെ തുഛമായ പ്രതിഫലമാണ് ലഭിക്കുക. ടെക്സ്റ്റയിൽസിൽ നിന്ന് ലെനോരക്ക് ഒരു ദിവസം 6.80 ഡോളർ(ഏതാണ്ട് 530രൂപ) ആണ് വേതനമായി ലഭിക്കുന്നത്. രണ്ടു കുട്ടികളടങ്ങുന്ന കുടുംബം പോറ്റാൻ അതു മതിയാകില്ലെന്നും അവർ പറഞ്ഞു. രണ്ടു വർഷം കുവൈത്തിൽ നിന്ന് ആവശ്യത്തിന് പണം സമ്പാദിച്ച് നാട്ടിലേക്ക് മടങ്ങാനാണ് ലെനോരയുടെ തീരുമാനം.

രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ രാത്രി ഉറക്കമിളച്ചാണ് പലരും പാസ്പോർട്ടിനായി വരി നിൽക്കുന്നത്. 2022 ആദ്യ അഞ്ചുമാസത്തിനുള്ളിൽ 288,645 പാസ്‍പോർട്ടുകളാണ് ശ്രീലങ്ക അനുവദിച്ചത്. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 91,331പേർക്കാണ് പാസ്‍പോർട് അനുവദിച്ചത്. അപേക്ഷകരുടെ എണ്ണം കുത്തനെ വർധിച്ചതിനാൽ പാസ്‍പോർട് ഓഫിസിൽ ജീവനക്കാർക്ക് ജോലിഭാരം വർധിച്ചിരിക്കയാണ്. കുറച്ചുമാസങ്ങളായി ഓൺലൈൻ വഴി അപേക്ഷ നൽകാനുള്ള സംവിധാനം പ്രവർത്തനക്ഷമമല്ല. 

Tags:    
News Summary - Sri Lankans seeks passports for better life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.