വാഷിങ്ടൺ: ദക്ഷിണാഫ്രിക്കൻ അംബാസിഡറെ പുറത്താക്കി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കൻ അംബാസിഡർക്ക് ഇനി യു.എസിൽ പ്രവേശനമുണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ചു. ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂൽ അമേരിക്കയേയും ട്രംപിനേയും വെറുക്കുന്നയാളാണെന്നും മാർക്ക് റുബിയോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് അമേരിക്കയുടെ അസാധാരണ നടപടി.
ഓൺലൈൻ ലക്ചറിനിടെ റസൂൽ നടത്തിയ ചില പരാമർശങ്ങൾ അമേരിക്കൻ വിരുദ്ധമാണെന്ന പറയുന്ന ലേഖനത്തിന്റെ ലിങ്കും റുബിയോ പങ്കുവെച്ചിട്ടുണ്ട്. കാനഡയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തതിന് ശേഷം യു.എസിലേക്ക് തിരികെ പോവുകയാണെന്ന് മാർക്ക് റുബിയോ അറിയിച്ചതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ അംബാസിഡറെ മാറ്റുന്ന വിവരം യു.എസ് അറിയിച്ചത്. എന്നാൽ, റുബിയോയുടെ പോസ്റ്റിനപ്പുറം ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയാറായിട്ടില്ല.
നേരത്തെ ദക്ഷിണാഫ്രിക്കൻ സർക്കാറിനെ വിമർശിച്ച് ഡോണൾഡ് ട്രംപും ഇലോൺ മസ്കും രംഗത്തെത്തിയിരുന്നു. വെള്ളുത്ത വർഗക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിക്കുന്ന ഭൂനിയമത്തിന്റെ പേരിലായിരുന്നു ട്രംപിന്റേയും മസ്കിന്റെയും വിമർശനം. ദക്ഷിണാഫ്രിക്കയിൽ കറുത്ത വർഗക്കാരുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഭരണം നടത്തുന്നത്.
നേരത്തെ ദക്ഷിണാഫ്രിക്കക്ക് നൽകുന്ന സഹായം നിർത്തലാക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ വെള്ളുത്ത വർഗക്കാർ കടുത്ത വംശീയവിവേചനം നേരിടുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ അംബാസിഡറെ പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.