തെൽഅവീവ്: ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേൽ സൈനികർക്ക് യാത്ര ചെയ്യാൻ ഐ.ഡി.എഫ് നൽകുന്നത് കാലഹരണപ്പെട്ട കവചിത വാഹനങ്ങളെന്ന് കൊല്ലപ്പെട്ട സൈനികന്റെ മാതാവ്. ചൊവ്വാഴ്ച ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഏഴ് ഇസ്രായേൽ സൈനികരിലൊരാളുടെ മാതാവാണ്, തന്റെ മകനടക്കമുള്ള കൊല്ലപ്പെട്ട സൈനികർക്ക് ഇസ്രായേൽ വേണ്ടത്ര സുരക്ഷ നൽകിയിരുന്നില്ലെന്ന് ആരോപിച്ചത്. കാലഹരണപ്പെട്ട സൈനിക വാഹനത്തിന്റെ സുരക്ഷ പ്രശ്നങ്ങളെക്കുറിച്ച് സൈനികമേധാവികളെ തന്റെ മകനും സംഘവും ആവർത്തിച്ച് അറിയിച്ചിരുന്നതായി അവർ പറഞ്ഞു.
‘പുതിയ ബറ്റാലിയൻ കമാൻഡറുമായി ഇവർ സൂം കോൾ ചെയ്ത് വിഷയം പറഞ്ഞിരുന്നു. കാലഹരണപ്പെട്ട കവചിത വാഹനങ്ങൾ മാറ്റി പകരം നല്ലത് നൽകണമെന്ന് അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു’ -കൊല്ലപ്പെട്ട മായൻ ബറൂച്ച് പേൾസ്റ്റീൻ എന്ന സൈനികന്റെ മാതാവ് ഇസ്രായേൽ മാധ്യമമായ വൈനെറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൈനികർക്ക് അപകടസാധ്യതയെക്കുറിച്ച് അറിയാമോ എന്ന് ചോദിച്ചപ്പോൾ, ‘അക്കാര്യം നേരത്തെ ചർച്ച ചെയ്യപ്പെട്ടിരുന്നു, അവർക്ക് വേണ്ടത്ര സംരക്ഷണം ലഭിച്ചിട്ടില്ലെന്ന് അവർക്ക് അറിയാമായിരുന്നു’ -എന്നായിരുന്നു മറുപടി.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ജൂൺ 24ന് നടന്ന ആക്രമണത്തിലാണ് ഏഴ് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത്. ഇസ്രായേൽ പ്രതിരോധ സേന (IDF)യുടെ 605-ാമത് കോംബാറ്റ് എഞ്ചിനീയറിങ് ബറ്റാലിയനിലെ മായൻ ബറൂച്ച് പേൾസ്റ്റീൻ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച സൈനിക വാഹനം സ്ഫോടനത്തിൽ തകർക്കുകയായിരുന്നെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഏഴ് സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഹമാസിന്‍റെ സായുധവിഭാഗമായ അൽ ഖസ്സം ബ്രിഗേഡും അൽ ഖുദ്സുമാണ് ആക്രമണം നടത്തിയതെന്ന് ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ കവചിതവാഹനം പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന മുഴുവൻ അധിനിവേശ സൈനികരും മരണപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.