വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ശൈഖ് ഹസീന
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഭാവി സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ.
ചില പ്രത്യേക സാഹചരത്തിലാണ് അവർ ഇന്ത്യയിലെത്തിയത്. രാജ്യത്ത് തുടരണോ, അതോ മടങ്ങണോ എന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ് -ന്യൂഡൽഹിയിൽ എച്ച്.ടി ലീഡേഴ്സ് സമ്മിറ്റിൽ പങ്കെടുത്തുകൊണ്ട് ഡോ. എസ്. ജയശങ്കർ പറഞ്ഞു.
ബംഗ്ലാദേശ് ഭരണകൂടത്തെ സ്ഥാനഭ്രഷ്ടരാക്കിയ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്റ്റിലാണ് ശൈഖ് ഹസീന് ഇന്ത്യയിൽ അഭയം തേടിയത്. 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ളതായിരുന്നു രാജ്യത്തെ പ്രക്ഷോഭം. സാമ്പത്തിക നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിച്ച് പുതിയ ഭരണകൂടം നിലവിൽ വന്ന ബംഗ്ലാദേശിൽ ഹസീന ഉൾപ്പെടെ മുൻ ഭരാണാധികാരികൾക്കെതിരായ വിചാരണയും അടുത്തിടെ ആരംഭിച്ചു. കഴിഞ്ഞ മാസമാണ് ബംഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ മുൻ പ്രധാനമന്ത്രിക്ക് വധശിക്ഷ വിധിച്ചത്. പ്രക്ഷോഭകാലത്തെ കൂട്ടക്കൊല, അടിച്ചമർത്തൽ പീഡനം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വധശിക്ഷ. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കു മേൽ ആക്രമണം നടത്തിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
വിധി പ്രഖ്യാപിച്ചതിനു പിന്നാലെ, ശൈഖ് ഹസീനയെ വിട്ടു നൽകണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
അയൽ രാജ്യത്തിന്റെ ആവശ്യത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് കാത്തിരിക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രി മാധ്യമപ്രവർത്തൻ രാഹുൽ കൻവാലുമായുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട് നിലപാട് വ്യക്തമാക്കിയത്. ശൈഖ് ഹസീന ആഗ്രഹിക്കുന്ന കാലത്തോളം ഇന്ത്യ അഭയം നൽകുമോയെന്നായിരുന്നു ചോദ്യം. എന്നാൽ, അത് മറ്റൊരു വിഷയമാണെന്ന് പറഞ്ഞൊഴിഞ്ഞ ജയശങ്കർ, പ്രത്യേക സാഹചര്യത്താണ് അവർ ഇന്ത്യയിലെത്തിയതെന്ന് വ്യക്തമാക്കി. ‘അവർക്ക് എന്ത് സംഭവിക്കും എന്നതിൽ ആ സാഹചര്യം ഒരു ഘടകമാണ്. ഇന്ത്യയിൽ തുടരുന്നത് അവർ തീരുമാനമെടുക്കേണ്ട കാര്യമാണ്’ -ജയശങ്കർ വിശദീകരിച്ചു.
അതേസമയം, അയൽ രാജ്യത്ത് വിശ്വാസ്യതയുള്ള ജനാധിപത്യ സംവിധാനം നിലനിൽക്കണമെന്ന ഇന്ത്യയുടെ നിലപാട് വിദേശകാര്യമന്ത്രി ആവർത്തിച്ചു. നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ അവിശ്വാസം പ്രകടിപ്പിച്ചവരാണ് ഇപ്പോൾ ഭരിക്കുന്നത്. എത്രയും വേഗത്തിൽ നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ അവർ മുൻഗണന നൽകണം. ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര, ഉഭയകക്ഷി ബന്ധം ഭാവിയിലും ശക്തമായി തുടരും -മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.