ശഹ്ബാസ് ശരീഫ് പഞ്ചാബിന്റെ നായകൻ, ഇനി പാകിസ്താന്റെയും

ഇസ്‍ലാമാബാദ്: പ്രതിപക്ഷ പാര്‍ട്ടികളില്‍ പൊതുസമ്മതൻ, പഞ്ചാബ് പ്രവിശ്യയിൽ വികസനമന്ത്രമോതിയ മുന്‍ മുഖ്യമന്ത്രി, സൈന്യവുമായി അടുത്ത ബന്ധമുള്ളയാൾ....പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയാകാനുള്ള സാധ്യതയിലേക്ക് ശഹ്ബാസ് ശരീഫിനെ നയിച്ച ഇതൊക്കെയാണ്. ഇംറാൻ ഖാനെതിരായ പ്രതിപക്ഷ നീക്കത്തിന് മുന്നില്‍ നിന്ന ശഹ്ബാസ് തന്നെ എല്ലാ രാഷ്​ട്രീയ അനിശ്ചിതത്വത്തിനുമൊടുവിൽ അധികാരക്കസേരയിൽ എത്തിയാൽ അത് ചരിത്രം.

2018 ആഗസ്റ്റ് 13 മുതൽ ദേശീയ അസംബ്ലിയിൽ അംഗമായ അദ്ദേഹമാണ് പാകിസ്താൻ മുസ്‍ലിം ലീഗ്-(എൻ) ന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. 70കാരനായ ശഹ്ബാസ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ്. ലാഹോറിലെ വ്യവസായി കുടുംബത്തിൽ ജനനം. വിദ്യാഭ്യാസത്തിന് ശേഷം കുടുംബത്തിന്റെ ബിസിനസ് ഏറ്റെടുത്തു. പഞ്ചാബ് പ്രവിശ്യയിൽ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം അതിവേഗമാണ് ജനങ്ങൾക്കിടയിൽ താരമായത്.


1988ൽ പഞ്ചാബ് പ്രവിശ്യാ അസംബ്ലിയിലേക്കും 1990ൽ ദേശീയ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1993ൽ പഞ്ചാബ് നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 1997 ഫെബ്രുവരി 20ന് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബ് പ്രവിശ്യയിൽ ഏവരെയും ഞെട്ടിച്ച് വികസനത്തിന്റെ പാത വെട്ടാൻ അ​ദ്ദേഹത്തിനായി.

അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ കൂടുതൽ ​ശ്രദ്ധിച്ചപ്പോൾ പഞ്ചാബ് ജനത അദ്ദേഹത്തെയും നെ​ഞ്ചേറ്റി. പര്‍വേസ് മുശറഫിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറി നടന്നതോടെ 2000ല്‍ തടവിലാക്കപ്പെട്ടു. സൗദിയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം 2007ലാണ് തിരിച്ച് പാകിസ്താനിലെത്തിയത്. 2013ൽ മൂന്നാം തവണയും പഞ്ചാബിന്റെ മുഖ്യമന്ത്രിയായി. 2018ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയം വരെ മുഖ്യമന്ത്രിയായി തുടർന്നു. എന്നാൽ, സഹോദരൻ നവാസ് ​ശരീഫിനെ അയോഗ്യനാക്കിയതിനെത്തുടർന്ന് പാകിസ്താൻ മുസ്‍ലിം ലീഗ്-എൻ പ്രസിഡന്റായി.


അതേസമയം, നവാസ് ശരീഫിനെ പോലെ ഒട്ടേറെ അഴിമതി ആരോപണങ്ങളും നേരിടുന്നുണ്ട്. 2019 ഡിസംബറിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ശഹ്ബാസിനെയും മകൻ ഹംസ ശരീഫിനെയും അറസ്റ്റ് ചെയ്യുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം അദ്ദേഹം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയും പ്രതിപക്ഷ കക്ഷികൾക്കിടയിൽ പൊതുസമ്മതനാവുകയും ചെയ്തതാണ് നേട്ടമായത്. 

Tags:    
News Summary - Shahbaz Sharif: Captain of Punjab, now of Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.