റഫയിലെ തമ്പുകൾക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു, അധിനിവേശ വെസ്റ്റ് ബാങ്കിൽ കൂട്ട അറസ്റ്റ്

ഗസ്സ സിറ്റി: ഫലസ്തീനികളെ പാർപ്പിച്ച റഫയിലെ തമ്പുകൾക്ക് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം. ഇസ്രായേൽ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ തമ്പിന് സമീപത്തുള്ള കെട്ടിട സമുച്ചയത്തിന് തീപിടിക്കാനും കാരണമായി.

അതിനിടെ, വടക്കൻ റഫയിലെ അൽ ഹഷാഷിൻ മേഖലയിൽ ഇസ്രായേൽ വ്യോമനിരീക്ഷണം നടത്തി. ഇവിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഇതോടെ ഗസ്സയിലെ ആകെ മരണം 36,050 ആയി. ഇതിൽ 15000 പേർ കുട്ടികളാണ്. 81,026 പേർക്ക് പരിക്കുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 519 പേർ കൊല്ലപ്പെടുകയും 4950 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്നത് ഇസ്രായേൽ സൈന്യം വ്യാപിപ്പിക്കുകയാണ്. റാമല്ല നഗരത്തിലെ ജലസോൺ അഭയാർഥി ക്യാമ്പിൽ നിന്ന് മൂന്നു ഫലസ്തീനികളെയും മറ്റൊരു സ്ത്രീയെയും അവരുടെ മകനെയും ഇസ്രായേൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെത്ലഹേമിലെ ദൈഷേഷ് ക്യാമ്പിൽ നിന്ന് ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും കിഴക്കൻ റാമല്ലയിലെ ബർഖ ഗ്രാമത്തിൽ നിന്ന് നാലു പുരുഷന്മാരെയും ഗാൽഗിലിയ നഗരത്തിൽ നിന്ന് മൂന്നു പുരുഷന്മാരെയും ഇസ്രായേൽ സേന അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.

റഫ ആക്രമണം നിർത്തണമെന്ന അന്താരാഷ്ട്ര കോടതിയുടെ നിർദേശവും അടിയന്തര വെടിനിർത്തൽ വേണമെന്ന ലോകരാജ്യങ്ങളുടെ അഭ്യർഥനയും തള്ളിയാണ് സ്ത്രീകളും കുരുന്നുകളും അടക്കം 45ഓളം പേരെ ഞായറാഴ്ച രാത്രി ഇസ്രായേൽ സേന ചുട്ടുകൊന്നത്. റഫ അതിർത്തിയിൽ നിന്ന് ആട്ടിയോടിച്ച ഫലസ്തീനികളെ പാർപ്പിച്ച തൽ അസ്സുൽത്താനിലെ തമ്പുകളിലാണ് ഇസ്രായേൽ ബോംബിട്ടത്. 249 പേർക്ക് പരിക്കേറ്റു.

പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് ഞായറാഴ്ച റഫ സന്ദർശനം നടത്തി മടങ്ങിയ ശേഷമായിരുന്നു ആക്രമണം. ഹമാസ് നേതാക്കളായ യാസീൻ റബീഅ, ഖാലിദ് നഗാർ എന്നിവരെ കൊലപ്പെടുത്താനാണ് റഫയിൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ ന്യായം.

ജബാലിയ, നുസൈറാത്ത്, ഗസ്സ സിറ്റി എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലും ബോംബാക്രമണം നടത്തിയ ഇസ്രായേൽ 160 പേരെ കൊലപ്പെടുത്തിയിരുന്നു.

Tags:    
News Summary - Seven killed in new Israeli attacks on tents in Rafah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.