മസ്കിന് തിരിച്ചടി; ഓപ്പൺ എ.ഐക്കെതിരായ കേസ് തള്ളി ഫെഡറൽ കോടതി

വാഷിങ്ടൺ: ചാറ്റ്ജിപിറ്റി നിർമ്മാതാക്കളായ ഓപ്പൺ എ.ഐക്കും അതിന്റെ മുൻനിര എക്സിക്യൂട്ടീവുകൾക്കുമെതിരെയുള്ള ഇലോൺ മസ്കിന്‍റെ പരാതി തള്ളി യു.എസ് ഫെഡറൽ കോടതി. മനുഷ്യരാശിയുടെ നന്മയ്ക്കായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ൽ ആരംഭിച്ച സ്ഥാപനം അതിന്‍റെ ലക്ഷ‍്യങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും ഓപ്പൺ എ.ഐയുടെ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാന്‍, പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാന്‍ എന്നിവർ ചേർന്ന് സ്ഥാപനത്തെ വാണിജ്യ ലാഭത്തിനായി ഉപയോഗിച്ചുവെന്നുമാരോപിച്ച് 2024ലാണ് മസ്ക് കേസ് നൽകി‍യത്.

എന്നാൽ മസ്ക് കേസ് ഫയൽ ചെയ്യാൻ വൈകിയെന്നും സ്റ്റാറ്റ്യൂട്ട് ഓഫ് ലിമിറ്റേഷൻസ് പ്രകാരമുള്ള സമയപരിധി ലംഘിച്ചുവെന്നും കാലിഫോർണിയയിലെ ഓക്‌ലൻഡ് ഫെഡറൽ കോടതി കണ്ടെത്തി. ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഓപ്പൺ എ.ഐയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന വിഭാഗത്തിലേക്ക് നഷ്ടപരിഹാരം നൽകണമെന്നും കമ്പനിയുടെ ബോർഡിൽ നിന്ന് ആൾട്ട്മാനെ പുറത്താക്കണമെന്നുമാണ് കമ്പനിയുടെ സഹസ്ഥാപകനും കൂടിയായിരുന്ന മസ്ക് നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.

അതേ സമയം കോടതി വിധിയെ വിമർശിച്ച് മസ്ക് രംഗത്തെത്തി.  കേസ് പരിഗണിച്ച കോടതി കേസിന്‍റെ യഥാർഥ വസ്തുകളിൽ തീർപ്പ് കൽപ്പിച്ചില്ലെന്നാണ് മസ്കിന്‍റെ വാദം. `ഓപ്പൺഎ.ഐ കേസുമായി ബന്ധപ്പെട്ട ജഡ്ജിയും ജൂറിയും കേസിന്റെ യഥാർഥ വസ്തുതകളിൽ തീർപ്പ് കൽപ്പിച്ചിട്ടില്ല, സാങ്കേതികത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് വിധി പറഞ്ഞത്. കേസ് സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും ആൾട്ട്മാനും ബ്രോക്ക്മാനും ഒരു ചാരിറ്റി സ്ഥാപനം കൊള്ളയടിച്ച് സ്വയം സമ്പന്നരായി എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അവർ അത് എപ്പോഴാണ് ചെയ്തത് എന്നത് മാത്രമാണ് ഏക ചോദ്യം! ഞാൻ നയൻത് സർക്യൂട്ട് കോടതിയിൽ അപ്പീൽ നൽകും. കാരണം ചാരിറ്റികൾ കൊള്ളയടിക്കുന്നത് അമേരിക്കയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അങ്ങേയറ്റം ദോഷകരമാണ്. മനുഷ്യരാശിക്ക് മുഴുവൻ പ്രയോജനം ചെയ്യുന്നതിനാണ് ഓപ്പൺ എ.ഐ സ്ഥാപിതമായത്' മസ്ക് എക്സിൽ കുറിച്ചു.

Tags:    
News Summary - Setback for Musk; Federal Court dismisses lawsuit against OpenAI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.