മാത്യു വാൻഡൈക്ക്
ന്യൂഡൽഹി: അമേരിക്കൻ ചാരനും സൈനിക ഉപദേശകനുമായ മാത്യു വാൻഡൈക്കിനെയും ആറ് യുക്രൈനിയൻ പൗരന്മാരെയും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. കൊൽക്കത്ത, ഡൽഹി, ലഖ്‌നൗ വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. മ്യാൻമറിലെ വിഘടനവാദി ഗ്രൂപ്പുകൾക്ക് പരിശീലനവും ആയുധങ്ങളും നൽകാൻ സംഘം ശ്രമിച്ചതായാണ് കണ്ടെത്തൽ.
യു.എ.ഇയിൽ നിന്നും മറ്റും ഇന്ത്യയിലെത്തിയ ഇവരെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. മാർച്ച് 13 വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. മാത്യു വാൻഡൈക്കിനെ കൊൽക്കത്തയിൽ നിന്നും യുക്രൈനിയൻ പൗരന്മാരായ പെട്രോ ഹുർബ, താരസ് സ്ലിവിയാക്, ഇവാൻ സുക്മാനോവ്സ്കി, മരിയൻ സ്റ്റെഫാൻകിവ്, മക്സിം ഹോൺചാരുക്, വിക്ടർ കമിൻസ്കി എന്നിവരെ ഡൽഹി, ലഖ്‌നൗ വിമാനത്താവളങ്ങളിൽ നിന്നുമാണ് പിടികൂടിയത്.
അറസ്റ്റിലായവരെ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. ഇവരെ 11 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ (UAPA) പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ അതിർത്തി കടന്ന് മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനം നൽകിയെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. മിസോറാം വഴി ആവശ്യമായ അനുമതിപത്രങ്ങളില്ലാതെ ഇവർ മ്യാൻമറിലേക്ക് കടന്നതായി അന്വേഷണ ഏജൻസി കണ്ടെത്തി.
യൂറോപ്പിൽ നിന്ന് ഡ്രോണുകൾ എത്തിച്ച് മ്യാൻമറിലെ ക്യാമ്പുകളിൽ ഡ്രോൺ അസംബ്ലിങ്, ജാമിങ് സാങ്കേതികവിദ്യ, ഡ്രോൺ യുദ്ധമുറ എന്നിവയിൽ വിഘടനവാദികൾക്ക് പരിശീലനം നൽകാൻ ഇവർ പദ്ധതിയിട്ടിരുന്നു. മ്യാൻമറിലെ ഈ സായുധ സംഘങ്ങൾക്ക് വടക്കുകിഴക്കൻ ഇന്ത്യയിലെ തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും ഇത് ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്നും എൻ.ഐ.എ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള യുദ്ധമേഖലകളിൽ സജീവമായ 'മെഴ്സനറി' (കൂലിപ്പടയാളി) എന്നാണ് വാൻഡൈക്ക് അറിയപ്പെടുന്നത്. 2011ലെ ലിബിയൻ ആഭ്യന്തരയുദ്ധത്തിൽ ഗദ്ദാഫിക്കെതിരെ പോരാടിയാണ് വാൻഡൈക്ക് ശ്രദ്ധേയനായത്. തുടർന്ന് സിറിയയിലും ഇറാഖിലും ഐ.എസ്.ഐ.എസിനെതിരെ പോരാട്ടങ്ങളിലും പങ്കാളിയായി. 2022ൽ റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ യുക്രൈനിയൻ സൈന്യത്തിന് പരിശീലനം നൽകാനും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലെ സംഘർഷങ്ങളിൽ ഇടപെട്ട് പ്രാദേശിക സൈന്യങ്ങൾക്ക് പരിശീലനം നൽകുന്ന 'സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ' എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.