അബ്ദുൾ എൽ-സയീദ്
വാഷിംഗ്‌ടൺ: യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ ഈജിപ്ഷ്യൻ-അമേരിക്കൻ വംശജനായ ഡോ. അബ്ദുൽ അൽ സയീദ് കൈവരിച്ച ചരിത്രവിജയത്തിന് പിന്നാലെ, അദ്ദേഹത്തിനെതിരെ രൂക്ഷമായ വർഗീയ-ഇസ്‌ലാമോഫോബിക് സൈബർ ആക്രമണവുമായി അമേരിക്കൻ തീവ്ര വലതുപക്ഷം. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ അൽ സയീദ് ഉപയോഗിച്ച 'ഇൻഷാ അല്ലാഹ്' എന്ന പ്രയോഗത്തെ ദുർവ്യാഖ്യാനം ചെയ്താണ് സോഷ്യൽ മീഡിയയിൽ വ്യാപക വ്യാജപ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്.
പണം മാത്രം നോക്കി തെരഞ്ഞെടുപ്പ് ഫലം നിർണയിക്കാൻ കഴിയില്ലെന്ന് ജനങ്ങൾ തെളിയിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നതിനിടയിലാണ് മുസ്‌ലിംകൾക്കിടയിൽ സാധാരണമായ 'ഇൻഷാ അല്ലാഹ്' എന്ന പ്രയോഗം അദ്ദേഹം നടത്തിയത്. എന്നാൽ ഈ വാക്കിനെ സന്ദർഭത്തിൽ നിന്ന് വേർപെടുത്തി, അമേരിക്കയെ ഇസ്ലാമികവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ സംഘടിത പ്രചാരണം നടത്തുകയായിരുന്നു. വലതുപക്ഷ ഇൻഫ്ലുവൻസർമാരായ ബെന്നി ജോൺസൺ, ലോറ ലൂമർ, 'എൻഡ് വോക്ക്നസ്' തുടങ്ങിയ 'എക്സ്' അക്കൗണ്ടുകളാണ് ഇതിന് നേതൃത്വം നൽകിയത്.
അമേരിക്കയിലെ ശക്തരായ ഇസ്രായേൽ അനുകൂല ലോബിയായ 'ഐപാക്കി'ന് വലിയ തിരിച്ചടിയായിരുന്നു മിഷിഗണിലെ അൽ സയീദിന്റെ വിജയം. പ്രൈമറി ഫലം പുറത്തുവന്നതിന് പിന്നാലെ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അൽ സയീദിനെതിരെ രൂക്ഷമായ അധിക്ഷേപങ്ങളുമായി രംഗത്തെത്തിരുന്നു. അൽ സയീദ് 'യഹൂദ വിരോധിയും' 'ഇസ്രായേൽ വിരോധിയുമാണെന്ന്' ആരോപിച്ച ട്രംപ്, അദ്ദേഹം രാജ്യത്ത് നാശവും കുറ്റകൃത്യങ്ങളും കൊണ്ടുവരുമെന്നും ആരോപിച്ചിരുന്നു. റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും വലതുപക്ഷ ഗ്രൂപ്പുകളും ഈ വ്യാജപ്രചാരണങ്ങൾ ഏറ്റുപിടിച്ചു.
അതേസമയം, ഇത്തരം വംശീയ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് അബ്ദുൾ അൽ സയീദ് സ്വീകരിച്ചത്. എല്ലാ അമേരിക്കകാർക്കും വംശീയമോ മതപരമോ ആയ വേർതിരിവുകളില്ലാതെ മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും തൊഴിലും ഉറപ്പാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സെനറ്റർ ബെർണി സാണ്ടേഴ്സ്, എലിസബത്ത് വാറൻ തുടങ്ങിയ പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ അൽ സയീദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വരും മാസങ്ങളിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലും വലതുപക്ഷത്തിന്റെ ഈ വിദ്വേഷ പ്രചാരണങ്ങൾ തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.