മോസ്കോ: യു.എസും ഇറാനും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾക്കും ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയിൽ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ബദൽ പാതകൾ കണ്ടെത്താനുള്ള ചർച്ചകളിലാണ് റഷ്യയെന്ന് റിപ്പോർട്ടുകൾ വരുന്നു. റഷ്യൻ ഉപപ്രധാനമന്ത്രി മാരാത് ഖുസ്നുല്ലിൻ ടാസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിച്ചേരുന്നതിനായി തുർക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവയിലൂടെ കടന്നുപോകുന്ന ഒരു റെയിൽവേ പാത പരിഗണനയിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലേക്ക് റെയിൽ കണക്റ്റിവിറ്റി നൽകാൻ കഴിയുന്ന ഏത് പാതയും പരിഗണിക്കാമെന്ന് ഖുസ്നുല്ലിൻ വ്യക്തമാക്കി. എന്നാൽ ഇതിനുള്ള ആശയം പ്രാരംഭ ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. ഇതുവരെ അന്തിമ പാതയോ പദ്ധതിയുടെ സമയപരിധിയോ നിർമാണ പ്ലാനോ പ്രഖ്യാപിച്ചിട്ടില്ല.
ബദൽ ഗതാഗത മാർഗങ്ങളുടെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യവെ ഹുർമുസ് കടലിടുക്ക്, ബോസ്ഫറസ് എന്നീ രണ്ട് പ്രധാന സമുദ്രപാതകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ ഖുസ്നുല്ലിൻ ചൂണ്ടിക്കാണിച്ചു. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന നിർണായക കണ്ണിയാണ് ഹുർമുസ് കടലിടുക്ക്. ആഗോള എണ്ണ, എൽ.എൻ.ജി കയറ്റുമതിയുടെ വലിയൊരു പങ്ക് ഇതിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം, കരിങ്കടലിനെയും മർമര കടലിനെയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ്, കരിങ്കടലിനും മഹാസമുദ്രത്തിനും ഇടയിലുള്ള കപ്പൽ ഗതാഗതത്തിന് പ്രധാനപ്പെട്ട ഒരു പാതയാണ്.
റഷ്യ, മധ്യേഷ്യ, ഇറാൻ, ദക്ഷിണേഷ്യ എന്നിവക്കിടയിൽ നീങ്ങുന്ന ചരക്കുകൾക്ക്, പ്രത്യേകിച്ച് ചരക്കുനീക്കത്തിന് മറ്റൊരു ഓപ്ഷൻ നൽകാൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള റെയിൽവേ കണക്ഷന് കഴിഞ്ഞേക്കും. റെയിൽ പാത നടപ്പിലായാൽ തുർക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവയിലൂടെ കടന്നുപോയി ഇന്ത്യൻ മഹാസമുദ്രത്തിലെത്താമെന്ന് ഖുസ്നുല്ലിൻ പറഞ്ഞു. പദ്ധതി മുന്നോട്ട് പോവുകയാണെങ്കിൽ വിശാലമായ ശൃംഖലയിലൂടെ ഇന്ത്യയെയും ബന്ധിപ്പിക്കാൻ സാധിക്കും.
അത്തരം ഒരു ഇടനാഴിക്ക് നിരവധി രാജ്യങ്ങളിലെ റെയിൽവേ ശൃംഖലകളും, അതിർത്തി കടന്നുള്ള ചരക്കുനീക്കം, കസ്റ്റംസ് നടപടിക്രമങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഏകോപനവും ആവശ്യമാണ്. പ്രത്യേകിച്ച് സങ്കീർണമായ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പാത കടന്നുപോകുന്ന രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തെയും ഇത് ആശ്രയിക്കും.
ഇന്ത്യയും റഷ്യയും ഇതിനകം റെയിൽവേ സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ, വന്ദേ ഭാരത് ട്രെയിൻ പദ്ധതി, സിഗ്നലിംഗ് ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിലെ പുതിയ സഹകരണത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. യൂറോപ്പിലും ഏഷ്യയിലുമായി റഷ്യക്ക് വലിയൊരു അന്തർസംസ്ഥാന റെയിൽവേ ശൃംഖലയുമുണ്ട്. രാജ്യത്തിന്‍റെ ദേശീയ പാസഞ്ചർ റെയിൽ കാരിയർ റഷ്യയെ 19 രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന 40 അന്താരാഷ്ട്ര ദീർഘദൂര റൂട്ടുകൾ സർവീസ് നടത്തുന്നുണ്ട്. ചൈന, മംഗോളിയ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ, കിർഗിസ്ഥാൻ, ബെലാറസ് എന്നിവയും ചില യൂറോപ്യൻ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, നിർദ്ദിഷ്ട ഇടനാഴി റഷ്യയുമായും മധ്യേഷ്യയിലെ രാജ്യങ്ങളുമായും കരമാർഗമുള്ള മറ്റൊരു കണക്ഷൻ സൃഷ്ടിച്ചേക്കും. നിലവിലുള്ള സമുദ്രപാതകളിൽ തടസമുണ്ടായാൽ ഇന്ത്യക്കും റഷ്യക്കും ഇടയിൽ ചരക്കുകൾ നീക്കുന്നതിനുള്ള അധിക ഓപ്ഷനായി ഇത് മാറിയേക്കും. ഇറാനുമായും മധ്യേഷ്യൻ വിപണികളുമായും ഉള്ള ബന്ധം ശക്തിപ്പെടുത്താനും ഇത് സഹായിച്ചേക്കാം.
എന്നാൽ, ഇത്രയും ദൈർഘ്യമേറിയ അന്താരാഷ്ട്ര റെയിൽ പാതയുടെ വാണിജ്യപരമായ ലാഭക്ഷമത, അടിസ്ഥാന സൗകര്യ ശേഷി, യാത്രാ സമയം, ചരക്ക് ചെലവ്, അതിർത്തി നടപടിക്രമങ്ങൾ, നീക്കാൻ കഴിയുന്ന ചരക്കിന്‍റെ അളവ് തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. കൂടാതെ, അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്നത് തുടരുന്ന സമുദ്ര മാർഗങ്ങളുമായി ഈ പാതക്ക് മത്സരിക്കേണ്ടിയും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.