കൊളംബിയയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം; വെനസ്വേല അതിർത്തിയിലും പ്രകമ്പനം

ബൊഗോട്ട: കൊളംബിയയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെയാണ് രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ഭൂചലനമുണ്ടായത്. വെനസ്വേല അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലും അയൽരാജ്യമായ ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം.

സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. റിക്ടർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനമാണ് നടന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ഔദ്യോഗിക ഏജൻസിയും വ്യക്തമാക്കി. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറുള്ള സാൻ ജോസ് ഡെൽ പാൽമർ എന്ന സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽനിന്നും കെട്ടിടങ്ങളിൽനിന്നും പുറത്തേക്ക് ഇറങ്ങി. ബൊഗോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കെട്ടിടങ്ങൾ കുലുങ്ങിയതായും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതായും പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, കൊളംബിയയുടെ ഡിപ്പാർട്ട്‌മെന്റൽ തലസ്ഥാനമായ ക്വിബ്‌ഡോയിൽ ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ചോക്കോ ഗവർണർ നുബിയ കരോലിന കോർഡോബ-ക്യൂറി പറഞ്ഞു. ദുരന്തനിവാരണ ഏജൻസികളും പ്രാദേശിക ഭരണകൂടങ്ങളും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊളംബിയൻ ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി. ഭൂചലനത്തിന് പിന്നാലെ തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ ജാഗ്രത നിർദേശം നൽകി. 

Tags:    
News Summary - കൊളംബിയയിൽ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനം | വെനസ്വേല അതിർത്തിയിലും പ്രകമ്പനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.