കിയവ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി യുക്രെയിൻ പ്രസിഡന്റ് വ്ലാദ്മിർ സെലൻസ്കി സുരക്ഷ സഹകരണവും ഉഭയകക്ഷി ഡ്രോൺ കരാറിന്റെ പുരോഗതിയും ചർച്ച ചെയ്തു. തിങ്കളാഴ്ച നടന്ന ഫോൺ സംഭാഷണം മിഡിൽ ഈസ്റ്റിലെ പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്ന് സെലൻസ്കി ടെലിഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി.
സൗദി കിരീടാവകാശിയുമായി അർഥവത്തായ ചർച്ചയാണ് നടത്തിയതെന്നും, യുക്രെയിനും സൗദി അറേബ്യക്കും പരസ്പരം കഴിവുകൾ വർധിപ്പിക്കാൻ സാധിക്കുന്ന നിരവധി മേഖലകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ഡ്രോൺ കരാറി’ന്റെ ഭാഗമായി സമീപഭാവിയിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നേതാക്കൾ ചർച്ച നടത്തി. കൂടാതെ, ആഗോള ആവശ്യമായ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇരുരാജ്യങ്ങളും പരസ്പര നിലപാടുകളും ബന്ധങ്ങളും ഏകോപിപ്പിച്ചു.
ഇതിനുപുറമെ, പുതിയ യുക്രെയിൻ സൈനിക മേധാവി മിഖൈലോ ദ്രപത്തായിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സൈനിക നേതൃത്വത്തിലെ ഉദ്യോഗസ്ഥതല മാറ്റങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തതായി സെലൻസ്കി മറ്റൊരു പ്രസ്താവനയിൽ അറിയിച്ചു. പുതിയ സൈനിക മേധാവി മിഖൈലോ ദ്രാപത്തി, ഇഗോർ സ്കിബിയുക്, യെവ്ജെൻ ക്മാര എന്നിവരുമായി ചേർന്ന് നേതൃമാറ്റങ്ങൾ സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിച്ചു.
ഇതിൽ ചില തീരുമാനങ്ങൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൊണെറ്റ്സ്ക് മേഖലയടക്കം സുപ്രധാന മേഖലകളിൽ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും യുദ്ധമുഖത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും യോഗം വിലയിരുത്തി. റഷ്യക്കെതിരെ ദീർഘദൂര ആക്രമണങ്ങൾ നടപ്പിലാക്കാനുള്ള പദ്ധതികളുടെ പുനരവലോകനവും ‘മിഡ്-സ്ട്രൈക്കുകളെക്കുറിച്ചുള്ള’ ചർച്ചകളും സർക്കാർ നടത്തിയതായി സെലൻസ്കി കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.