ബൊഗോട്ട: കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ 7.4 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിൽ 111 മരണം. 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല അറിയിച്ചു.
ഭൂകമ്പത്തിൽ 61 ലധികം കെട്ടിടങ്ങൾ തകർന്നു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു. വ്യാപക നാശനഷ്ടത്തെ തുടർന്ന് കൊളംബിയൻ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലാണ് ഭൂചലനത്തിൽ ഏറ്റവും ശക്തമായ ആഘാതമുണ്ടായത്. ചോക്കോ മേഖലയിലെ സാൻ ഹോസെ ഡെൽ പാൽമാറിന് സമീപമാണ് പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേയും കൊളംബിയൻ അധികൃതരും അറിയിച്ചു.
കാലി, പെരെയ്‌റ, മനിസാലസ്, ക്വിബ്ദോ തുടങ്ങിയ നഗരങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. റോഡുകളും ആശയവിനിമയ സംവിധാനങ്ങളും തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ പൂർണ വ്യാപ്തിയെക്കുറിച്ച് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
പെരെയ്‌റ, കാലി മേഖലകളിലാണ് ആളപായം കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലി നഗരത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായും വിമാനത്താവളമുൾപ്പെടെയുള്ളവക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. കാലി നഗരത്തിൽ കുറഞ്ഞത് 20 കെട്ടിടങ്ങളെങ്കിലും തകർന്നുവീണതായും അവയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മേയർ അലജാൻഡ്രോ എഡർ പറഞ്ഞിരുന്നു.
ഭൂകമ്പത്തെ തുടർന്ന് കൊളംബിയയിലെ അഞ്ച് വിമാനത്താവളങ്ങൾ അടച്ചിട്ടതായി രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റിയായ എയറോനോട്ടിക്ക സിവിൽ അറിയിച്ചു. പെരേര, മാനിസാലെസ്, അർമേനിയ, കാർട്ടഗോ, ബ്യൂണവെഞ്ചുറ വിമാനത്താവളങ്ങൾ നിലവിൽ ‘മെഡിക്കൽ, സർക്കാർ’ വിമാനങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്.
ഭൂചലനത്തിന്റെ പ്രകമ്പനം അയൽരാജ്യങ്ങളായ വെനസ്വേല, ഇക്വഡോർ, പനാമ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. വെനസ്വേലയിൽ നേരത്തെ ഉണ്ടായ ശക്തമായ ഭൂചലനങ്ങളിൽ വൻ നാശനഷ്ടങ്ങളുണ്ടായതിനാൽ പുതിയ പ്രകമ്പനം ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചു. ജൂണിൽ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളിൽ 6,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
രാജ്യത്ത് ഈ നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് വ്യക്തമാക്കി. ഭൂചലനത്തിന് പിന്നാലെ തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പുതുതായി അധികാരമേറ്റ പ്രസിഡന്റ് അബെലാർഡോ ഡി ലാ എസ്പ്രിയേല അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് അറിയിച്ചു. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം, ചികിത്സ, ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളും എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.