ദുബൈ: ഇറാനിലെ യു.എസ്, ഇസ്രായേൽ ആക്രമണത്തിന് താൽക്കാലിക അറുതി കുറിച്ച വെടിനിർത്തൽ അവസാനിക്കാൻ രണ്ടുനാൾ മാത്രം ബാക്കിനിൽക്കെ അവധി നീട്ടാൻ തിരക്കിട്ട നീക്കങ്ങൾ. എന്ന് നടക്കുമെന്ന് ഇനിയും ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും വെള്ളിയാഴ്ചക്കുള്ളിൽ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ പാകിസ്താനിൽ നടക്കുമെന്നുറപ്പായിട്ടുണ്ട്. തീയതി ഉറപ്പായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ ഉപമന്ത്രി സഈദ് ഖത്തീബ്സാദയും പറഞ്ഞു.
ഏപ്രിൽ 11, 12 തീയതികളിൽ സമാനമായി ഇവിടെ ചർച്ച നടന്നെങ്കിലും ധാരണയാകാതെ പിരിഞ്ഞിരുന്നു. അതിനു പിറകെ ഏപ്രിൽ 15ന് പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് സൗദി അറേബ്യ, ഖത്തർ, തുർക്കിയ രാജ്യങ്ങളിലും പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ ഇറാനിലും സന്ദർശനം നടത്തി നേതാക്കളുമായി സംസാരിച്ചിരുന്നു. പാക് തലസ്ഥാന നഗരമായ ഇസ്ലാമാബാദും തൊട്ടുചേർന്നുള്ള റാവൽപിണ്ടിയും ചർച്ചകളുടെ ഭാഗമായി കനത്ത സുരക്ഷാവലയത്തിലാണ്. 600 ചെക്പോയന്റുകളാണ് ഇവിടങ്ങളിൽ സർക്കാർ ഒരുക്കിയത്. 20,000ത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. റസ്റ്റാറന്റുകൾ അടച്ചും വിദ്യാലയങ്ങൾക്ക് അവധി നൽകിയും യൂനിവേഴ്സിറ്റി പരീക്ഷകൾ മാറ്റിയും സർക്കാർ മുൻകരുതൽ ഊർജിതമാക്കി. റാവൽപിണ്ടിയിലെ ഹോസ്റ്റലുകളും അടച്ചുപൂട്ടി. ഇറാനുമായി കരാറിൽ ഒപ്പുവെക്കാൻ താൻ പാകിസ്താനിലെത്തുമെന്ന് നേരത്തേ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. കരാറിന് സമ്മതിച്ചില്ലെങ്കിൽ ഇറാൻ തകർത്തുകളയുമെന്നും പിന്നാലെ ട്രംപ് ഭീഷണിപ്പെടുത്തി. രാജ്യത്തെ വൈദ്യുതി നിലയങ്ങൾ, പാലങ്ങൾ എന്നിവയടക്കം ഇറാനെ മൊത്തമായി ചാരമാക്കുമെന്നാണ് ഭീഷണി.
അതേസമയം, ആണവ വിഷയത്തിലടക്കം ട്രംപിന്റെ ആവശ്യങ്ങൾ രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമായതിനാൽ അംഗീകരിക്കില്ലെന്നാണ് ഇറാൻ നിലപാട്. ഇറാന്റെ ആണവ അവകാശങ്ങൾ എങ്ങനെ അമേരിക്കക്ക് നിഷേധിക്കാനാകുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ ചോദിക്കുന്നു. ‘‘സ്വന്തം ആണവ അവകാശങ്ങൾ പ്രയോജനപ്പെടുത്താൻ ഇറാന് സാധ്യമാകില്ലെന്ന് ട്രംപ് പറയുന്നു. എന്ത് തെറ്റിന്റെ പേരിലാണെന്ന് അയാൾ പറയുന്നില്ല. ഒരു രാജ്യത്തിന്റെ അവകാശങ്ങൾ നിഷേധിക്കാൻ ട്രംപ് ആരാണ്?’’ -പെസശ്കിയാൻ ചോദിച്ചു.
ഇറാന്റെ കൈവശം 400 കിലോ സമ്പുഷ്ട യുറേനിയമുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവ അമേരിക്കക്ക് കൈമാറണമെന്നാണ് ആവശ്യം. ഇവ നൽകിയാൽ അമേരിക്ക മരവിപ്പിച്ചുനിർത്തിയ 2000 കോടിയിലേറെ ഡോളർ വിട്ടുനൽകാമെന്നാണ് നിർദേശം. അടുത്ത 20 വർഷത്തേക്ക് ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നടത്തരുതെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഇതും അംഗീകരിക്കാനാകില്ലെന്നാണ് ഇറാൻ നിലപാട്.
പാകിസ്താനിൽ ഈയാഴ്ച നടക്കുന്ന രണ്ടാം വട്ട ചർച്ചയിൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലാണ് യു.എസ് സംഘം എത്തുന്നത്. കരാർ ധാരണയാകുകയും ഒപ്പുവെക്കാൻ ട്രംപ് നേരിട്ട് വരുകയും ചെയ്യുന്നപക്ഷം വാൻസ് നേരത്തേ യു.എസിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.