അമീർ മുഹമ്മദ് ബിൻ സൽമാൻ

ഇറാനെതിരായ നീക്കത്തിന് സൗദി വ്യോമപാത വിട്ടുനൽകില്ല; നിലപാട് വ്യക്തമാക്കി സൗദി കിരീടാവകാശി

റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇറാനിയൻ പ്രസിഡൻറ്​ മസൂദ് പെഷേഷ്കിയാനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് അദ്ദേഹം രാജ്യത്തി​ന്റെ നയം വ്യക്തമാക്കിയത്. ഇറാ​ന്റെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും സൗദി അറേബ്യ പൂർണമായും ബഹുമാനിക്കുന്നതായി സൗദി കിരീടാവകാശി പറഞ്ഞു.

മറ്റൊരു വിദേശശക്തിക്കും ഇറാനെതിരായ ആക്രമണങ്ങൾക്കായി സൗദിയുടെ ആകാശമോ മണ്ണോ വിട്ടുനൽകില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. സമാധാന ശ്രമങ്ങൾക്കാണ്​ സൗദിയുടെ പിന്തുണ. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകേണ്ടത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയുണ്ടാകും.

സൗദിക്ക് നന്ദി പറഞ്ഞ് ഇറാൻ പ്രസിഡൻറ്​

ഇറാനിലെ നിലവിലെ സാഹചര്യങ്ങളും ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ പുരോഗതിയും മസൂദ് പെഷേഷ്കിയാൻ സൗദി കിരീടാവകാശിയുമായി പങ്കുവെച്ചു. ഇറാ​ന്റെ പരമാധികാരത്തെ മാനിക്കുന്നതിൽ ഉറച്ച നിലപാട് സ്വീകരിച്ച സൗദി ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ശ്രമങ്ങളെ ഇറാൻ പ്രസിഡൻറ്​ പ്രശംസിക്കുകയും ചെയ്തു. മധ്യേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ഈ ചർച്ച വലിയ പ്രാധാന്യമർഹിക്കുന്നു.

Tags:    
News Summary - Saudi Arabia will not release airspace for moves against Iran; Saudi crown prince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.