മോസ്കോ: സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ കരുതൽ ശേഖരത്തിലുണ്ടായിരുന്ന സ്വർണം വിറ്റഴിക്കാൻ തുടങ്ങി റഷ്യൻ കേന്ദ്രബാങ്ക്. റഷ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നീക്കം. ബജറ്റ് കമ്മിയും റഷ്യൻ കറൻസിയായ റൂബിളിന്റെ ഇടിവുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിൽ.
ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം കരുതൽ നിക്ഷേപമായി ഉള്ള രാജ്യങ്ങളിൽ അഞ്ചാംസ്ഥാനത്താണ് റഷ്യ. എത്രത്തോളം സ്വർണം വിറ്റഴിക്കാൻ തീരുമാനിച്ചുവെന്ന കാര്യം ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. യുക്രെയ്ൻ അധിനിവേശം തുടങ്ങുന്നതിന് മുമ്പ് ഏതാണ്ട് 405.7 ടൺ സ്വർണം കരുതൽ നിക്ഷേപമായുണ്ടായിരുന്നു റഷ്യക്ക്. ബജറ്റ് കമ്മി മറികടക്കുന്നതിനായി റഷ്യൻ ധനകാര്യമന്ത്രാലയം കരുതൽ നിക്ഷേപത്തിന്റെ 57 ശതമാനം വിറ്റഴിച്ചുവെന്നാണ് കരുതുന്നത്. അതായത് 232.6 ടൺ സ്വർണം വിറ്റഴിച്ചു. നവംബറിൽ മാത്രം വിറ്റത് 173.1 ടൺ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാഷനൽ വെൽത്ത് ഫണ്ടിലെ കരുതൽ സ്വർണം ഈ മാസത്തോടെ 232 ടൺ ആയി ചുരുങ്ങിയെന്നാണ് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 14 ലെ കണക്കനുസരിച്ച് റഷ്യയുടെ സ്വർണ്ണ, വിദേശനാണ്യ കരുതൽ ശേഖരം 734.1 ബില്യൺ ഡോളറാണ്.
ഇത്തരത്തിൽ സ്വർണം വിറ്റഴിച്ചതു വഴി വിപണിയിലേക്ക് പണമെത്തിക്കാൻ കേന്ദ്രബാങ്കിനെ സഹായിച്ചുവെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
സ്വർണവും യുവാനും ഉൾപ്പെടെ നാഷനൽ വെൽത്ത് ഫണ്ടിലെ മൊത്തത്തിലുള്ള ലിക്വിഡ് ആസ്തികൾ 55ശതമാനം കുറഞ്ഞ് 51.6 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. സമീപ കാലങ്ങളിൽ ആഭ്യന്തര സ്വർണ വിപണിയിലെ പണലഭ്യത വർധിച്ചതിനാൽ റഷ്യൻ കേന്ദ്ര ബാങ്ക് ഇപ്പോൾ യുവാൻ ഇടപാടുകൾ വഴി മാത്രമല്ല, സ്വർണ കറൻസി വഴിയും ആഭ്യന്തര വിപണിയിലേക്ക് പണമെത്തിക്കുന്നുവെന്നാണ് കേന്ദ്ര ബാങ്ക് വക്താവ് വ്യക്തമാക്കിയത്.
യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ യു.എസും യൂറോപ്യൻ യൂനിയനും റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങൾ ചുമത്തിയിരുന്നു. ഇതും സാമ്പത്തിക തകർച്ചക്ക് കാരണമായി. റഷ്യൻ എണ്ണയുടെ വിലയിടിവും ആ നഷ്ടത്തിന് ആക്കം കൂട്ടി. ഉപരോധത്തിന് പിന്നാലെ റഷ്യൻ എണ്ണക്കമ്പനികളുടെ വരുമാനം കുത്തനെ ഇടിയുകയും ചെയ്തു.
യുക്രെയ്നുമായുള്ള സമാധാന ചർച്ചകളിൽ ഒരു പുരോഗതിയും ഇല്ലാത്ത സാഹചര്യത്തിൽ കൂടുതൽ റഷ്യൻ സ്വത്തുവകകൾ മരവിപ്പിക്കാനുള്ള നീക്കത്തിലാണ് യൂറോപ്യൻ യൂനിയാൻ. യുദ്ധത്തിനായി റഷ്യ കൂടുതൽ ഫണ്ട് മാറ്റിവെക്കുന്നതിന് തടയുന്നതിന്റെ ഭാഗമായാണിത്. 2022 ഫെബ്രുവരി മുതലാണ് റഷ്യ യുക്രെയ്നിൽ ആക്രമണംതുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.