കിയവ്: മൂന്നു വർഷമായി തുടരുന്ന യുദ്ധത്തിനിടെ റഷ്യ യുക്രെയ്നിലെ സുമി റെയിൽവേ സ്റ്റേഷനിൽ ഡ്രോൺ ആക്രമണം നടത്തി, കുറഞ്ഞത് 30 പേർക്ക് പരിക്കേറ്റു. ഈ ആക്രമണത്തിന് തൊട്ടുമുമ്പ്, ചെർണീവിനടുത്തുള്ള ഒരു വൈദ്യുതി നിലയവും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകർത്തു. 50,000 ത്തോളം വീടുകളിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. സാധാരണക്കാർക്കെതിരെയുള്ള ക്രൂര ആക്രമണമാണിതെന്ന് യുക്രെയ്ൻ വിശേഷിപ്പിച്ചു.
മൂന്നുവർഷത്തിലധികമായി തുടരുന്ന യുക്രെയ്നെതിരെയുള്ള റഷ്യൻ യുദ്ധത്തിൽ നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല,യുദ്ധം ഉടൻ അവസാനിപ്പിക്കുന്നതിന്റെ ഒരു ലക്ഷണവുമില്ലെന്നത് ആശങ്കാജനകമാണ്. അതിനിടെയാണ് റഷ്യ വീണ്ടും യുക്രെയ്‌നെതിരെ വൻ ആക്രമണം അഴിച്ചുവിടുന്നത്. യുക്രെയ്‌നിലെ സുമി മേഖലയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഡ്രോൺ ആക്രമണത്തിൽ 30 പേർക്ക് പരിക്കേറ്റതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി വെളിപ്പെടുത്തി.
ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ച സെലൻസ്കി, യുദ്ധം തുടങ്ങിയത് മുതൽ റഷ്യ യുക്രെയ്ൻ റെയിൽപാതകളെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. ട്രെയിനിന്റെ കോച്ചിന് തീപിടിക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവെച്ചു.സാധാരണക്കാരെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്നും സെലെൻസ്‌കി പറഞ്ഞു. റഷ്യൻ അതിർത്തിയിൽനിന്ന് ഏകദേശം 50 കി.മീ അകലെയാണ് ആക്രമണം നടന്നത്
നേരത്തേ, റഷ്യ യുക്രെയ്‌നിന്റെ വൈദ്യുതി നിലയങ്ങളെ ലക്ഷ്യമിട്ട് നിരവധി ഡ്രോൺ,മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ ആക്രമണം തുടർന്നു. യുക്രെയ്നിന്റെ പ്രകൃതിവാതകഇന്ധന പ്ലാന്റുകൾക്കു നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നും റിപ്പോർട്ട് ചെയ്തു. 50,000 വീടുകളിൽ വൈദ്യുതി തടസ്സം നേരിട്ടതായും,രാത്രിയിലെ റഷ്യൻ ആക്രമണത്തിൽ നിരവധി തീപിടിത്തങ്ങളുണ്ടായതായും ചെർണീവിലെ സൈനികതലവൻ ദിമിത്രോവ് ബ്രഷിൻസ്കി പറഞ്ഞു, നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാക്കിയില്ല.
യുക്രെയ്ൻ വ്യോമസേനയുടെ കണക്കനുസരിച്ച്, വെള്ളിയാഴ്ച റഷ്യ 381 ഡ്രോണുകളും 35 മിസൈലുകളും വിക്ഷേപിച്ചു. തണുപ്പുകാലത്തിന് മുമ്പ് യുക്രെയ്‌നിന്റെ വൈദ്യുതി ശൃംഖലയെ തകർക്കുകയെന്നതാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. യുക്രെയ്‌ന്റെ പ്രകൃതിവാതക കമ്പനിയായ നാഫ്റ്റോഗാസിനു നേരെയും റഷ്യ ഏറ്റവും വലിയ ആക്രമണം നടത്തി. ആക്രമണങ്ങൾ സൈനിക ആവശ്യങ്ങൾക്കല്ലെന്ന് നാഫ്റ്റോഗാസ് സിഇഒ സെർഹി കൊറെറ്റ്‌സ്‌കി പറഞ്ഞു.
ഈ ആക്രമണങ്ങൾക്ക് മറുപടിയായി റഷ്യ സിവിലിയന്മാരെ ഭയപ്പെടുത്തുന്നുവെന്ന് യുക്രെയ്ൻ പ്രധാനമന്ത്രി യൂലിയോ സ്വിരിഡെങ്കോ ആരോപിച്ചു. കിയവിന്റെ യുദ്ധ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന സൗകര്യങ്ങളെയാണ് ഈ ആക്രമണങ്ങൾ ലക്ഷ്യമിടുന്നതെന്ന് റഷ്യ പറയുന്നു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ റഷ്യ 109 ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചു. ഈ ഡ്രോണുകളിൽ 73 എണ്ണം തകർത്തതായി സൈന്യം റിപ്പോർട്ട് ചെയ്തു.
2022 ഫെബ്രുവരിയിൽ തുടങ്ങിയ റഷ്യൻ ആക്രമണം, എല്ലാ ശൈത്യകാലത്തും യുക്രെയ്‌ന്റെ വൈദ്യുതി നിലയങ്ങളെ ആക്രമിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. തണുപ്പിൽ ജനങ്ങളുടെ വൈദ്യുതി, വെള്ളം എന്നിവ നഷ്ടപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് യുക്രെയ്ൻ പറയുന്നു. വൈദ്യുതി ശൃംഖലക്കെതിരെയും, സൈനിക ഗതാഗതത്തിനായുള്ള റെയിൽപാതകളിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.