വ്ളാദിമിർ പുട്ടിൻ, വൊളോദിമിർ സെലൻസ്കി
ദാവോസ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ, റഷ്യ, യു.എസ് ചർച്ചക്ക് അബൂദബി വേദിയാകും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി വ്യാഴാഴ്ച രാത്രി നടത്തിയ ഫോൺ സംഭാഷണമാണ് ത്രികക്ഷി ചർച്ചക്ക് വഴിയൊരുക്കിയത്. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന ചർച്ചയിൽ നാലുവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധേയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
യുക്രെയ്ന്റെ കിഴക്കൻ മേഖലയിലെ ഡോൺബാസ് നഗരത്തിന്റെ നിയന്ത്രണം ആർക്ക് എന്നത് സംബന്ധിച്ചാണ് പ്രധാന തർക്കം. യുദ്ധത്തിലൂടെ റഷ്യ ആധിപത്യം നേടിയ ഈ പ്രദേശം സ്ഥിരമായി റഷ്യക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം യുക്രെയ്ൻ അംഗീകരിക്കുന്നില്ല. കിഴക്കൻ മേഖലയിൽ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിനിടെ ഇതുസംബന്ധിച്ച നിർദേശം സെലൻസ്കി വ്യാഴാഴ്ച ട്രംപുമായി ചർച്ച ചെയ്തു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ്, അഡ്മിറൽ കോസ്ത്യുകോവ് എന്നിവരാണ് ത്രികക്ഷി ചർച്ചയിൽ റഷ്യയെ നയിക്കുന്നത്. യു.എസ് പ്രതിനിധിയായി സ്റ്റീവ് വിറ്റ്കോഫ് പങ്കെടുക്കും. യുക്രെയ്ൻ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാകോവ് പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.