'റഷ്യയിൽനിന്ന് വാട്സ്ആപ്പിന് പിന്മാറാനുള്ള സമയമായി'; പുതിയ ആപ്പ് പുറത്തിറക്കും, പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമെന്ന് റിപ്പോർട്ട്

മോസ്കോ: റഷ്യയിൽ ഉടനെ വാട്സ്ആപ്പ് നിരോധിക്കുമെന്ന് റിപ്പോർട്ട്. പകരം പുറത്തിറക്കുന്ന ആപ്പ് പണിപ്പുരയിലാണ്. `മാക്സ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ് പൗരന്മാരെ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ട്.

വാട്ട്‌സ്ആപ്പ് റഷ്യൻ വിപണി വിടാനുള്ള സമയമായെന്നും മെറ്റയെ റഷ്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും റഷ്യൻ ഇൻഫർമേഷൻ ടെക്‌നോളജി കമ്മിറ്റി ഡെപ്യൂട്ടി ഹെഡ് ആന്റൺ ഗൊറെൽകിൻ പറഞ്ഞു. എന്നാൽ വാട്ട്‌സ്ആപ്പ് നിരോധനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പങ്കുവെച്ചിട്ടില്ല. രാജ്യത്ത് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും 2022 മുതൽ നിരോധിച്ചിട്ടുണ്ട്.

സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന പുതിയ മെസഞ്ചർ ആപ്പിൽ വിഡിയോ കോൾ, സർക്കാർ പ്രവർത്തനങ്ങൾ, പേയ്മെന്‍റ് ഒപ്ഷനുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. 2025 സെപ്റ്റംബർ മുതൽ റഷ്യയിൽ വിൽക്കുന്ന എല്ലാ ഉപകരണങ്ങളിലും മാക്സ് ഇൻസ്റ്റാൾ ചെയ്യുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

'സ്പൈ പ്രോഗ്രാം' ആയി പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ മാക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് റഷ്യയുടെ സുരക്ഷാ ഏജൻസിയായ എഫ്.എസ്.ബിക്ക് ജനങ്ങളുടെ മേൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തുന്നു.ആപ്പിന്റെ സെർവറുകൾ റഷ്യയിൽ തന്നെ നിർമിച്ചിരിക്കുന്നതിനാൽ റഷ്യൻ നിയമത്തിന് വിധേയമായിരിക്കും ആപ്പ് എന്നും വിദഗ്ധർ അറിയിച്ചു.

ഒരു 'ഡിജിറ്റൽ ഗുലാഗ്' (സോവിയറ്റ് യൂണിയനിലെ നിർബന്ധിത ലേബർ ക്യാമ്പുകൾക്ക് സമാനം) നിർമിക്കുകയെന്ന ക്രെംലിന്റെ സ്വപ്നത്തിന് മാക്സ് ആപ്പ് കേന്ദ്ര ബിന്ദുവാകുമെന്ന് റഷ്യൻ പ്രതിപക്ഷ മാധ്യമപ്രവർത്തകനായ ആൻഡ്രി ഒകുൻ പറഞ്ഞു. 'പൗരന്മാരുടെ ഒഴിവുസമയങ്ങൾ, ലക്ഷ്യങ്ങൾ, ചിന്തകൾ എന്നിവക്കുമേൽ അധികാരികൾക്ക് പൂർണനിയന്ത്രണമുള്ള ഒരിടമായി ഈ ആപ്പ് മാറും'- അദ്ദേഹം പറഞ്ഞു

വ്‌ളാദിമിർ പുടിന്റെ ഉത്തരവനുസരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ മുഴുവൻ റഷ്യൻ ഓൺലൈൻ മേഖലയെയും നിരീക്ഷിക്കാൻ ക്രെംലിന് കഴിയുന്നു. ഇത് ഇന്‍റർനെറ്റിന്‍റ ഉപയോഗത്തിന്മേലുള്ള നിയന്ത്രണത്തെ സാധാരണവൽക്കരിക്കുന്നതിന്‍റെ ഭാഗമാണെന്നും 'റഷ്യാസ് വാർ ഓൺ എവരിബഡി' എന്ന പുസ്തകത്തിന്റെ രചയിതാവ് കെയർ ഗൈൽസ് പറഞ്ഞു.

റഷ്യൻ പൗരന്മാർ ഗൂഗ്ൾ, സ്കൈപ്പ്, ഹോട്ട് മെയിൽ തുടങ്ങിയ വിദേശ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നത് റഷ്യയുടെ സുരക്ഷാ വിഭാഗത്തിന് ഭീഷണിയാണ്. ഇത്തരം ആപ്പുകളിലൂടെ ജനങ്ങളുടെമേൽ രാജ്യത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയാതെ വരുന്നു ഗൈൽസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Russia Launches An App That Could Spy On Its Citizens Likely To Ban WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.