കിയവ് പിടിക്കാൻ ആക്രമണം കടുപ്പിച്ച് റഷ്യ

കിയവ്: നാലാംവട്ട സമാധാന ചർച്ചക്ക് തുടക്കമായെങ്കിലും യുക്രെയ്ൻ തലസ്ഥാനമായ കിയവ് പിടിക്കുന്നതിനുള്ള സൈനിക നീക്കം റഷ്യ ശക്തമാക്കി. കിയവിന്റെ സമീപമെത്തിയ തങ്ങളുടെ സേന തിങ്കളാഴ്ച 11 കിലോമീറ്റർ മുന്നേറിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിയവിനെ രാജ്യത്തിന്റെ മറ്റു മേഖലകളിൽനിന്ന് ഒറ്റപ്പെടുത്തി കീഴടക്കുന്നതിനായി വിവിധ ദിശകളിലൂടെ റഷ്യൻസേന മുന്നേറുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.

യുക്രെയ്നിന്റെ കരിങ്കടൽ തീരമേഖലയിൽ നിയന്ത്രണമുറപ്പിച്ച റഷ്യ, കടൽവഴിയുള്ള വ്യാപാരത്തിൽനിന്നും യുക്രെയ്നിനെ ഒറ്റപ്പെടുത്തിയതായി യു.കെ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

റഷ്യ ചൈനയിൽ നിന്ന് സഹായമഭ്യർഥിച്ചു -യു.എസ്

വാഷിങ്ടൺ: യുക്രെയ്നിനെ ആക്രമിക്കാൻ ചൈനയിൽനിന്ന് സൈനിക ഉപകരണങ്ങൾ റഷ്യ ആവശ്യപ്പെട്ടതായി യു.എസ് ആരോപിച്ചു. തിങ്കളാഴ്ച റോമിൽ യു.എസ്-ചൈന ഉന്നത ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചക്ക് മുമ്പായാണ് യു.എസിന്റെ ആരോപണം.

റഷ്യക്ക് നേരെയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധത്തിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയാണിതെന്ന് ചൈനക്ക് മുന്നറിയിപ്പ് നൽകിയതായി യു.എസ് സുരക്ഷ ഉപദേഷ്ടാവ് ജേക് സുള്ളിവൻ പറഞ്ഞു. ഇതു മുന്നോട്ട് പോകാൻ തങ്ങൾ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സഹായം തേടിയിട്ടില്ല -റഷ്യ

മോസ്കോ: യുക്രെയ്ൻ യുദ്ധത്തിനായി ചൈനയുടെ സൈനിക സഹായം തങ്ങൾ തേടിയിട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യുക്രെയ്നിലെ സൈനിക നീക്കം തുടരാൻ തങ്ങൾക്ക് സ്വയം ശേഷിയുണ്ട്.

യുക്രെയ്നിനെതിരായ നീക്കം പൂർണമായ ധാരണയോടെയും ശരിയായ സമയക്രമത്തിലുമാണെന്നും പെസ്കോവ് പറഞ്ഞു.

സാധാരണക്കാർക്ക് കൂടുതൽ അപകടങ്ങൾ വരുന്നത് ഒഴിവാക്കാൻ കിയവ് ഉൾപ്പെടെ നഗരങ്ങളിലെ പ്രധാന ജനവാസ മേഖലകൾ ഒഴിവാക്കിയാണ് സൈനിക നീക്കം നടത്തുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള 'മാനുഷിക ഇടനാഴികൾ' ഒഴികെയുള്ള നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെർണോബിൽ വൈദ്യുതി വിതരണം വീണ്ടും തടസ്സപ്പെട്ടു

കിയവ്: ചെർണോബിലെ മുൻ ആണവനിലയിത്തെ വൈദ്യുതി നിലയവുമായി ബന്ധിപ്പിക്കുന്ന ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി വിതരണ ശൃംഖല റഷ്യൻസേന തകർത്തതായി യുക്രെയ്ൻ ദേശീയ ഊർജ കമ്പനി യുക്രെനെർജോ അറിയിച്ചു.

നേരത്തേ തടസ്സപ്പെടുത്തിയ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതിന് തൊട്ടുടനെയാണ് വീണ്ടും തകർത്തത്. റഷ്യൻ സേനയുടെ ആക്രമണത്തിൽ ആണവ നിലയത്തിന് പുറത്തുനിന്നുള്ള മുഴുവൻ വൈദ്യുതി ബന്ധവും നഷ്ടമായോ എന്നകാര്യം വ്യക്തമല്ല.

അതിർത്തിയിലെ ആക്രമണം നാറ്റോക്കുള്ള ഭീഷണി -പോളണ്ട്

വാഴ്സോ: പോളണ്ട് അതിർത്തിയിലുള്ള യുക്രെയ്നിന്റെ സൈനിക താവളത്തിനു നേരെ റഷ്യൻ സേന നടത്തിയ മിസൈൽ ആക്രമണം നാറ്റോ സഖ്യത്തെ ഭീഷണിപ്പെടുത്തിയതാണെന്ന് പോളണ്ട്. റഷ്യയുടെ നീക്കം കടുത്ത പ്രകോപനമാണെന്ന് പോളണ്ട് വിദേശ സഹമന്ത്രി മാർസിൻ പ്രിസ്ഡസ് പറഞ്ഞു.

പോളണ്ട് അതിർത്തിയുടെ വളരെ അടുത്താണ് താവളമെന്ന് അവർക്ക് തീർച്ചയായും അറിയാം. അതിനാൽ നാറ്റോയെ ഭീഷണിപ്പെടുത്താനാണ് അവർ ശ്രമിക്കുന്നതെന്നും പ്രിസ്ഡസ് പറഞ്ഞു.

സെലൻസ്കി യു.എസ്കോൺഗ്രസിൽ സംസാരിക്കും

വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ബുധനാഴ്ച യു.എസ് കോൺഗ്രസിനെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യും. യുക്രെയ്ൻ ജനതക്കുള്ള പിന്തുണ അറിയിക്കുന്നതിനായി സെലൻസ്കിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നതായി യു.എസ് കോൺഗ്രസ് സഭ നേതാവ് നാൻസി പെലോസിയും പ്രതിപക്ഷ നേതാവ് ചക് ഷൂമറും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - Russia intensifies offensive to capture Kiev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.