അധിനിവേശം 150 ദിവസം പിന്നിടുന്നു; യുക്രെയ്ൻ തുറമുഖത്ത് റഷ്യൻ മിസൈലാക്രമണം

കിയവ്: ആഗോള ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കുന്നതിനായി റഷ്യയും യുക്രെയ്നും ഐക്യരാഷ്ട്രസഭയും തുർക്കിയയുമായി കരാറിൽ ഒപ്പുവെച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും യുക്രെയ്ൻ തുറമുഖമായ ഒഡെസയിൽ റഷ്യൻ മിസൈൽ ആക്രമണം.

പുതിയ കരാറിനെത്തുടർന്ന് ധാന്യ കയറ്റുമതി പുനരാരംഭിക്കുന്നതിനിടെയാണ് റഷ്യയുടെ നടപടി. കരാർ ഇടനിലക്കാർകൂടിയായ തുർക്കിയയുടെയും ഐക്യരാഷ്ട്രസഭയുടെയും മുഖത്ത് തുപ്പുന്ന തരത്തിലുള്ള പ്രവൃത്തിയാണ് റഷ്യയുടേതെന്ന് യുക്രേനിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. യുദ്ധം 150 ദിവസം പിന്നിടുമ്പോഴാണ് പുതിയ സംഭവവികാസങ്ങൾ. മധ്യ യുക്രെയ്നിലെ വ്യോമതാവളത്തിൽ ശനിയാഴ്ച റഷ്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി.

മൂന്നുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം റഷ്യൻ അധിനിവേശ മേഖലയിലെ നദി മുറിച്ചുകടന്ന് യുക്രേനിയൻ സൈന്യവും റോക്കറ്റ് ആക്രമണം നടത്തി. യുദ്ധം 150 ദിവസം പിന്നിടുന്ന ഘട്ടത്തിൽ റഷ്യ യുക്രെയ്നിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുനേരെ നടത്തുന്ന ആക്രമണങ്ങൾ യുക്രെയ്നുള്ള വിവിധ രാജ്യങ്ങളുടെ പിന്തുണ കൂട്ടുമെന്നാണ് വിലയിരുത്തൽ.

യുക്രെയ്നിലെ സെൻട്രൽ കിറോവോഹ്രദ്‌സ്ക മേഖലയിൽ 13 റഷ്യൻ മിസൈലുകൾ വ്യോമതാവളത്തിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും പതിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഒരു സൈനികനും രണ്ട് ഗാർഡുകളും കൊല്ലപ്പെട്ടതായി ഗവർണർ ആൻഡ്രി റൈക്കോവിച്ച് അറിയിച്ചു. കിറോവോഹ്രാദ് നഗരത്തിൽ നടന്ന ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

യുദ്ധത്തിന്റെ ആരംഭഘട്ടത്തിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത തെക്കൻ കെർസൺ മേഖലയിൽ യുക്രെയ്ൻ സൈന്യം പ്രത്യാക്രമണം നടത്തുന്നുണ്ട്. ഇവിടെ റഷ്യയുടെ ആയുധനീക്കം തടസ്സപ്പെടുത്തുന്നതിനായി യുക്രെയ്ൻ റോക്കറ്റുകൾ വിക്ഷേപിച്ചെന്നാണ് വിവരം.

Tags:    
News Summary - Russia attacks Odessa port a day after signing grain deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.