ബാഹ്യ ശക്തികൾ സിറിയയിലെ സാഹചര്യം വഷളാക്കുന്നതായി യു.എന്നിൽ ഇന്ത്യ

ന്യൂയോർക്ക്: സിറിയയിൽ വർധിച്ചുവരുന്ന സൈനിക ആക്രമണ ഭീഷണിയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ബാഹ്യ ശക്തികളുടെ ഇടപെടലുകൾ യുദ്ധത്തിൽ തകർന്ന രാജ്യത്തെ സ്ഥിതിഗതികൾ വഷളാക്കുന്നതായി ഇന്ത്യ പറഞ്ഞു.

വടക്കൻ സിറിയയിൽ സൈനിക ആക്രമണം നടത്തുമെന്ന തുർക്കിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിമർശനം.

സിറിയയിലെ സായുധ സംഘങ്ങൾക്ക് ലഭിക്കുന്ന ബാഹ്യ പിന്തുണകൾ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയെന്നും ഭീകരതയുടെ വളർച്ചക്ക് കാരണമായെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം പ്രതീക് മാത്തൂർ സിറിയയെക്കുറിച്ചുള്ള യു.എൻ.എസ്‌.സി യോഗത്തിൽ പറഞ്ഞു. അക്രമം വിഭാഗീയമായ വഴികളിലൂടെയാണ്. അൽഖ്വയ്ദയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ എന്നത്തേക്കാളും കൂടുതൽ ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്‍റെ ദൂഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ്. നൂറു കണക്കിനാളുകളെ തടങ്കലിലടക്കുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോർട്ടുണ്ട്- പ്രതീക് മാത്തൂർ പറഞ്ഞു.

രാജ്യത്തുടനീളം 14 ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോൾ മാനുഷിക സഹായം ആവശ്യമാണ്. സിറിയയിലെ ആക്രമണങ്ങൾ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സാരമായി ബാധിച്ചിട്ടുണ്ട്. സിറിയക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളെയും അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങളെയും, കുറ്റവാളികൾ ആരാണെന്നത് പരിഗണിക്കാതെ ഇന്ത്യ അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറിയയിൽ നടന്നിട്ടുള്ളതും തുടരുന്നതുമായ എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുന്നു. വടക്ക്-പടിഞ്ഞാറൻ സിറിയയിലെ വ്യോമാക്രമണവും ഷെല്ലാക്രമണവും സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ള സാധാരണക്കാരെയാണ് ബാധിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ വടക്ക്-പടിഞ്ഞാറൻ സിറിയയിൽ വ്യോമാക്രമണം വർധിക്കുന്നതിൽ വളരെയധികം ആശങ്കാകുലരാണെന്നും മാത്തൂർ പറഞ്ഞു. ഈ സാഹചര്യത്തിൽ വെല്ലുവിളികൾ നേരിടാൻ സിറിയയിൽ സന്നിഹിതരായ എല്ലാ കക്ഷികളോടും ഞങ്ങൾ അഭ്യർഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരുന്ന്, ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതും രാജ്യത്തിന്‍റെ വികസനത്തിനായി പിന്തുണ നൽകുന്നതും ഇന്ത്യ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Role Of 'External Actors' Worsening Situation In Syria: India At UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.