അഞ്ച് ഇസ്രായേൽ സൈനികർ ബോംബ് സ്ഫോടനത്തിൽ മരിച്ചതിൽ ആഹ്ലാദം പ്രകടിപിച്ച് ട്വീറ്റ് ചെയ്ത ഇസ്രായേലി മാധ്യമപ്രവർത്തകൻ ഇസ്രായേൽ ഫ്രേ. ഉൾച്ചിത്രത്തിൽ കൊല്ലപ്പെട്ട സൈനികർ

‘ആ അഞ്ച് ക്രൂരന്മാർ ഇല്ലാതായതിനാൽ ഇന്ന് ലോകം കുറച്ചുകൂടി സുന്ദരമാണ്’ -ഐ.ഡി.എഫ് സൈനികർ ​കൊല്ലപ്പെട്ടതിൽ ആഹ്ലാദവുമായി ഇസ്രായേൽ മാധ്യമപ്രവർത്തകൻ

തെൽഅവീവ്: ഗസ്സയിൽ മനുഷ്യക്കുരുതിക്ക് ഇറങ്ങിത്തിരിച്ച അഞ്ച് ഇസ്രായേൽ സൈനികർ ബോംബ് സ്ഫോടനത്തിൽ മരിച്ചതിൽ ആഹ്ലാദപ്രകടനവുമായി ഇസ്രായേലി മാധ്യമപ്രവർത്തകൻ. ആക്ടിവിസ്റ്റും തീവ്ര ഇടതുപക്ഷ ഹരേദി പത്രപ്രവർത്തകനുമായ ഇസ്രായേൽ ഫ്രേ ആണ് ഐഡി.എഫ് സൈനികരുടെ കൂട്ടമരണത്തിൽ സന്തോഷിച്ച് ട്വീറ്റ് ചെയ്തത്. മനുഷ്യരാശിക്കെതിരായ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഒന്നിൽ പങ്കെടുത്ത ആ അഞ്ച് യുവാക്കൾ ഇല്ലാതായതിനാൽ ഇന്നത്തെ സുപ്രഭാതത്തിൽ ലോകം കുറച്ചുകൂടി സുന്ദരമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

‘ഗസ്സയിൽ ഇപ്പോൾ ആൺകുട്ടികൾക്ക് അനസ്തേഷ്യ ഇല്ലാതെയാണ് ശസ്ത്രക്രിയ നടത്തുന്നത്, പെൺകുട്ടികൾ പട്ടിണി കിടന്ന് മരിക്കുകയാണ്, ടെന്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് മേൽ ബോംബാക്രമണം നടത്തുകയാണ്. നിർഭാഗ്യവശാൽ, ഇത്തരം ചെയ്തികൾക്ക് ഇത് (പട്ടാളക്കാരുടെ മരണം) പര്യാപ്തമല്ല. ഓരോ ഇസ്രായേലി അമ്മമാരോടുമുള്ള ആഹ്വാനമാണ്: മകനെ ഒരു യുദ്ധ കുറ്റവാളിയായി ശവപ്പെട്ടിയിൽ സ്വീകരിക്കുന്ന അടുത്ത ആൾ നിങ്ങളാകരുത്. മതിയാക്കൂ’ -അദ്ദേഹം ട്വീറ്റിൽ തുടർന്നു.

ഈ ട്വീറ്റിന്റെ പേരിൽ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ ഇന്ന് വീട്ടുതടങ്കലിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്ത ഫ്രേയെ ഇസ്രായേൽ ജയിൽ സർവീസ് മേധാവി കോബി യാക്കോബിയുടെ നിർദ്ദേശപ്രകാരം സുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷന്റെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച വരെ അദ്ദേഹം വീട്ടുതടങ്കലിൽ തുടരുമെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ അഭിനന്ദിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വടക്കൻ ഗസ്സയിലെ ബയ്ത്ത് ഹാനൂനിൽ റോഡരികിൽ ഹമാസ് സ്ഥാപിച്ച ബോംബ് പൊട്ടി അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടത്. 14 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്റ്റാഫ് സർജന്റ് ഷിമോൻ അമാർ, മോശെ നിഷിം ഫ്രഞ്ച്, ബിന്യമിൻ അസുലിൻ, നോം അഷറോൺ മുസ്ഗാദിൻ, സ്റ്റാഫ് സർജന്റ് മോഷെ ഷ്മുവൽ നോൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരു​ടെ നിലഗുരുതരമാണെന്നും ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. കഴിഞ്ഞ മാസം ഏഴുഇസ്രായേൽ സൈനികരും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Reporter arrested for post cheering killings of IDF troops is released to house arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.