ലണ്ടൻ: ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിക്ക് വിട നൽകാനൊരുങ്ങി ബ്രിട്ടൻ. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് സംസ്കാരം. മൃതദേഹമടങ്ങിയ പേടകം ആചാര ബഹുമതികളോടെ വെസ്റ്റ്മിൻസ്റ്ററിലെ ആബിയിലെത്തിച്ചു. രാജ്ഞിക്ക് അന്ത്യാഞ്ജലി നൽകുന്ന ചടങ്ങിൽ ലോകനേതാക്കളും യൂറോപ്യൻ രാജകുടുംബങ്ങളും പങ്കെടുക്കും. വെസ്റ്റ്മിൻസ്റ്റർ ഡീൻ ഡേവിഡ് ഹോയ്ൽ ആണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. സംസ്കാരത്തോടെ 11ദിവസം നീണ്ടുനിന്ന ദേശീയ ദുഃഖാചരണത്തിന് സമാപനമാകും. മൃതദേഹം ഇനി വെല്ലിങ്ടൺ ആർച്ചിലെത്തിക്കും. കിങ് ജോർജ് ആറാമൻ ചാപ്പലിലാണ് രാജ്ഞിയുടെ അന്ത്യവിശ്രമം.
200ഓളം രാജ്യങ്ങളിലെ 2000ത്തിലേറെ വിശിഷ്ടാതിഥികൾ സംബന്ധിക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു അടക്കം നേതാക്കൾ ലണ്ടനിൽ എത്തിയിട്ടുണ്ട്. രാഷ്ട്രീയകാരണങ്ങളാൽ റഷ്യ, ബെലറൂസ്, അഫ്ഗാനിസ്താൻ, മ്യാന്മർ തുടങ്ങിയ രാഷ്ട്രങ്ങളുടെ നേതാക്കളെ ക്ഷണിച്ചിട്ടില്ല. ബ്രിട്ടനിൽ 57 വർഷത്തിനു ശേഷം നടക്കുന്ന ആദ്യ ദേശീയ സംസ്കാരച്ചടങ്ങാണിത്.
രണ്ടാം ലോകയുദ്ധകാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റന്റ് ചർച്ചിലിന്റെ നിര്യാണശേഷം ബ്രിട്ടൻ ദേശീയ സംസ്കാരച്ചടങ്ങ് നടത്തുന്നത് എലിസബത്ത് രാജ്ഞിക്കുവേണ്ടിയാണ്. രാത്രി എട്ടിന് രാജ്ഞിക്കുള്ള ആദരമായി ഒരു മിനിറ്റ് നിശ്ശബ്ദത ആചരിക്കും. ഇതിനായി വിമാന സർവിസുകൾ ഉൾപ്പെടെ നിർത്തിയിട്ടുണ്ട്. ദശലക്ഷക്കണക്കിനാളുകൾ ടെലിവിഷനിലൂടെ ചടങ്ങ് വീക്ഷിക്കും. തിങ്കളാഴ്ച ബ്രിട്ടനിൽ പൊതു അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.