ഷെയ്ഖ് ഹസീനക്ക് പൊതു പ്രസംഗത്തിന് അവസരമൊരുക്കിയത് ഞെട്ടലുളവാക്കുന്നതെന്ന് ബംഗ്ലാ​ദേശ്

ധാക്ക: ഒളിവിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ന്യൂഡൽഹിയിൽ പൊതു പ്രസംഗം നടത്താൻ ഇന്ത്യ അനുമതി നൽകിയത് ആശ്ചര്യകരവും ഞെട്ടിക്കുന്നതുമാണെന്ന് ബംഗ്ലാദേശ്.

വെള്ളിയാഴ്ചയാണ് ഡൽഹി പ്രസ് ക്ലബിൽ ഷെയ്ഖ് ഹസീന പ്രസംഗിച്ചത്. കലാപത്തിനുശേഷം ഇന്ത്യയിൽ എത്തിയതിനു ശേഷം ആദ്യമായാണ് ഇവർ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് പ്രസംഗത്തിൽ അവർ ഉയർത്തിയത്.

മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിൽ നിയമവാഴ്ചയല്ല ബംഗ്ലാദേശിൽ നടക്കുന്നതെന്നും അക്രമികളെ അഴിച്ചുവിട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇടക്കാല നേതാവ് മുഹമ്മദ് യൂനുസിന്റെ കീഴിൽ ബംഗ്ലാദേശിന് ഒരിക്കലും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അനുഭവിക്കാൻ കഴിയില്ലെന്നും ഓൺലൈനിൽ സംപ്രേഷണം ചെയ്ത ഓഡിയോ പ്രസംഗത്തിൽ ഹസീന പറഞ്ഞിരുന്നു.

പൊതുപരിപാടിയിൽ പ​​ങ്കെടുത്തതിൽ ബംഗ്ലാദേശ് ശക്തമായ ​പ്രതിഷേധമാണ് ഉയർത്തുന്നത്. ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതിന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ശിക്ഷിച്ച ഒളിവിൽ കഴിയുന്ന ഷെയ്ഖ് ഹസീനയ്ക്ക് പൊതു പരിപാടിയിൽ പ്രസ്താവന നടത്താൻ അനുവദിച്ചതിൽ സർക്കാറും ബംഗ്ലാദേശ് ജനങ്ങളും അത്ഭുതപ്പെടുകയും ഞെട്ടുകയും ചെയ്യുന്നുവെന്ന് ധാക്കയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഹസീനയുടെ പ്രസംഗം ഉഭയകക്ഷി ബന്ധങ്ങളെ ഗുരുതരമായി വഷളാക്കിയേക്കാവുന്ന ഒരു അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ബംഗ്ലാദേശ് പറഞ്ഞു.

ഇന്ത്യൻ തലസ്ഥാനത്ത് പരിപാടി നടത്താൻ അനുവദിക്കുകയും ഹസീനയെ പരസ്യമായി വിദ്വേഷ പ്രസംഗം നടത്താൻ അനുവദിക്കുകയും ചെയ്യുന്നത് ജനങ്ങളോടും ബംഗ്ലാദേശ് സർക്കാറിനോടുമുള്ള വ്യക്തമായ അവഹേളനമാണെന്നും മന്ത്രാലയം പറഞ്ഞു.

ഉഭയകക്ഷി കൈമാറ്റ കരാർ പ്രകാരം ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ബാധ്യതകൾ ഇന്ത്യ ഇതുവരെ നിറവേറ്റയില്ല. ഇത് ബംഗ്ലാദേശിന്റെ ജനാധിപത്യ പരിവർത്തനത്തെയും സമാധാനത്തെയും സുരക്ഷയെയും വ്യക്തമായി അപകടത്തിലാക്കുന്നുവെന്നും ധാക്കയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തെത്തുടർന്ന് 15 വർഷത്തെ ഭരണം അവസാനിപ്പിച്ചതോടെ 2024 ആഗസ്തിലാണ് ഹസീനക്ക് ഇന്ത്യ അഭയം നൽകിയത്.

Tags:    
News Summary - Bangladesh says it is shocking to see Sheikh Hasina's Patu event cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.