യു.എസ് അതിർത്തിയിൽ ഓരോ 20 മിനിട്ടിലും ഒരു ഇന്ത്യക്കാരൻ പിടിയിലാകുന്നു

മുംബൈ: കുടിയേറ്റ വിരുദ്ധ നടപടി ശക്തമായിട്ടും യു.എസ് സ്വപ്നം കണ്ട് അധികൃതരുടെ കണ്ണുവെട്ടിച്ച് അതിർത്തി കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ കുറവില്ല. ഓരോ 20 മിനിട്ടിലും ഒരു ഇന്ത്യക്കാരൻ യു.എസ് അതിർത്തിയിൽ പിടിയിലാകുന്നുവെന്നാണ് കണക്ക്. നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കുന്നതിനിടെയാണ് യു.എസ് അതിർത്തി കടക്കാനുള്ള ഇന്ത്യക്കാരുടെ ശ്രമം. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 23,830 ഇന്ത്യക്കാർ കസ്റ്റംസ്, അതിർത്തി സുരക്ഷ സേനയുടെ പിടിയിലായി. എന്നാൽ, 2024നെ അപേക്ഷിച്ച് പിടിയിലായവരുടെ എണ്ണം വളരെ കുറവാണ്. 85,119 പേരെ അക്കാലയളവിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. പിടിയിലായവരിൽ ഭൂരിഭാഗവും ജോലിയും കൂലിയും സ്വപ്നം കണ്ട് ഒറ്റക്ക് വന്നവരാണ്.

അതിർത്തിക്കടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം ഉയരുന്നുവെന്നതാണ് ഏറ്റവും ആശങ്കപ്പെടുത്ത കാര്യം. 2022 ജനുവരിയിൽ ഗുജറാത്തിലെ ഗാന്ധി നഗറിൽനിന്നുള്ള കുട്ടികളടങ്ങുന്ന നാലംഗ കുടുംബം യു.എസ് അതിർത്തിയിൽ കൊടുംതണുപ്പിൽ മരവിച്ച് മരിച്ചത് രാജ്യത്തെ ദുഖത്തിലാഴ്ത്തിയിരുന്നു. കാനഡയിൽനിന്ന് യു.എസിലേക്ക് കടക്കുന്നതിനിടെയായിരുന്നു സംഭവം.

കാനഡ അതിർത്തിയിൽ 6968, മെക്സിക്കോ അതിർത്തിയിൽ 1543, മറ്റ് യു.എസ് അതിർത്തികളിൽ 15,319 ഇന്ത്യക്കാരാണ് കഴിഞ്ഞ വർഷം പിടിയിലായത്. കള്ളക്കടത്ത് ഇടനാഴികൾ അടക്കുകയും പട്രോളിങ് ശക്തമാക്കുകയും പിഴ കുത്തനെ ഉയർത്തുകയും ചെയ്തിട്ടും ആയിരക്കണക്കിന് ആളുകൾ കൂറ്റൻ മതിലുകൾ മറകടന്ന് അമേരിക്കൻ നഗരങ്ങളിലേക്ക് ഒഴുകുകയാണ്. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്ന് നിയമവിരുദ്ധമായി യു.എസിലേക്ക് കടക്കാൻ ശ്രമിച്ച 3.91 ലക്ഷം പേർ കഴിഞ്ഞ വർഷം അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - One Indian caught at US border every 20 mins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.