ന്യൂഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്. പകരം, പരമ്പരാഗതമായി ആശ്രയിച്ചിരുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യ വീണ്ടും തിരിയുന്നതായി കണക്കുകൾ പറയുന്നു. ജനുവരിയിലെ ആദ്യ മൂന്നാഴ്ചകളിൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി പ്രതിദിനം 1.1 ദശലക്ഷം ബാരലാണ്. തലേമാസം ഇത് 1.21 ദശലക്ഷം ബാരലായിരുന്നു. കഴിഞ്ഞ വർഷം മധ്യത്തിൽ പ്രതിദിനം രണ്ട് ദശലക്ഷം ബാരലിലധികം എണ്ണ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നു.
ഇറാഖിൽനിന്നുള്ള എണ്ണ ഇറക്കുമതി ജനുവരിയിൽ റഷ്യക്കൊപ്പമെത്തി. ഡിസംബറിൽ പ്രതിദിനം 9.04 ലക്ഷം ബാരലായിരുന്നു ഇറക്കുമതി. സൗദി അറേബ്യയിൽനിന്നുള്ള ഇറക്കുമതി 1.10 ലക്ഷം ബാരലിൽനിന്ന് 9.24 ലക്ഷം ബാരലായി ഉയർന്നു. 2025 ഏപ്രിലിൽ സൗദിയിൽനിന്നുള്ള ഇറക്കുമതി 5.39 ലക്ഷം ബാരലായി കുറഞ്ഞിരുന്നു.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ബഹിഷ്‍കരിച്ചതിന് പിന്നാലെ റഷ്യ വൻ വിലക്കുറവ് പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യ റഷ്യൻ എണ്ണയിലേക്ക് തിരിഞ്ഞത്. 2022ൽ ഇറാഖിനെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാക്കളായി. അതുവരെ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ ഒരു ശതമാനത്തിൽ താഴെയായിരുന്ന റഷ്യൻ എണ്ണയുടെ വിഹിതം 40 ശതമാനത്തിലേക്ക് ഉയർന്നു. എന്നാൽ, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന കമ്പനികൾക്ക് അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധ നടപടികളാണ് ഇന്ത്യൻ എണ്ണക്കമ്പനികളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.