അമേരിക്കയിൽ വിമാനം തകർന്നു; യാത്രക്കാർ എല്ലാം കൊല്ലപ്പെട്ടുവെന്ന് സംശയം

തകർന്നത് സ്വകാര്യ വിമാനം; മഞ്ഞ് വീഴ്ചയെത്തുടർന്ന് വിമാന സർവിസുകൾ വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്

മെയ്നെ: കടുത്ത മഞ്ഞിനെത്തുടർന്ന് വ്യാപകമായി വിമാന സർവിസുകൾ റദ്ദ് ചെയ്ത അമേരിക്കയിൽ എട്ടു യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്നവരുടെ മറ്റ് വിവരങ്ങൾ ലഭിച്ചിട്ടില്ല. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ പുറത്തുവിട്ട വാർത്തകുറിപ്പിൽ പറയുന്നു.

ബോംബാർഡിയർ ചലഞ്ചർ 650 വിമാനമാണ് അപകടത്തിൽപെട്ടത്. യാത്രക്കാരെക്കുറിച്ച് വിവരങ്ങളൊന്നും വെളിപ്പടുത്താൻ അധികൃതർ തയാറായില്ല. എല്ലാവരും കൊല്ലപ്പെട്ടെന്നാണ് സംശയം.

കനത്ത മഞ്ഞ് അമേരിക്കയിൽ ജനജീവിതത്തെ തകിടം മറിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനുപേർക്ക് വൈദ്യുതി ലഭ്യമാകുന്നില്ല. വിമാന സർവിസുകളും റദ്ദു ചെയ്തിരുന്നു. സുരക്ഷ പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽനിന്നുള്ള ചില വിമാന സർവിസുകൾ എയർ ഇന്ത്യയും നിർത്തിവെച്ചിരുന്നു. അപകടത്തെ തുടർന്ന് വിമാനത്താവളം അടച്ചു. അപകടത്തിൽപെട്ട വിമാനത്തിന് തീപിടിച്ചു. തീയണക്കാൻ അടിയന്തര സേവനം ഉപയോഗപ്പെടുത്തി വിമാനത്താവള അധികൃതർ രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അധികൃതരും നാഷനൽ ട്രാൻസ്പോർടേഷൻ സേഫ്റ്റി ബോർഡും വ്യക്തമാക്കി.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണിത്. പറന്നുയർന്ന വിമാനം ഹിമപാതത്തിൽ അകപ്പെട്ട് തകർന്നുവെന്നാണ് പുറത്തുവരുന്ന വിവരം. 

Tags:    
News Summary - Plane crashes in America; all passengers feared dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.