വിയന്ന: ലോകത്തെ ഏറ്റവും നല്ല സുഖം ഏതെന്ന് ചോദിച്ചപ്പോൾ വൈക്കം മുഹമ്മദ് ബഷീർ ഒരിക്കൽ പറഞ്ഞത് വരട്ടുചൊറി ചൊറിയുമ്പോഴുള്ള സുഖമെന്നാണ്, അതുപോലെ തന്നെയാണ് ചിലപ്പോൾ പുറം ചൊറിയുമ്പോൾ കിട്ടുന്ന ഒരു സുഖം, എന്നാൽ പുറം ചൊറിയാൻ കൈ എത്തിയില്ലെങ്കിലുള്ള എടങ്ങേറ് പറയാനുമില്ല.
പശുക്കൾക്കും മറ്റും മൃഗങ്ങൾക്കുമൊക്കെ ഈ പ്രശ്നമുണ്ട്. ഈച്ചയെയും പാറ്റയെയും ഓടിക്കാമെന്നല്ലാതെ വാലുകൊണ്ട് പുറം ചൊറിയാൻ കഴിയില്ലല്ലോ. എന്നാൽ, ആസ്ട്രിയയിലെ വെറോണിക്ക എന്ന ഒരു സുന്ദരിപ്പശുവിന് ഈ പ്രശ്നമില്ല, പുറം ചൊറിഞ്ഞാൽ അവൾ ഒരു കമ്പ് കടിച്ചെടുക്കും, നീളമുള്ള ആ കമ്പ് കൊണ്ട് പുറം ചൊറിയും. പുറം മാത്രംമല്ല, വയറിനടിയിലും, കാലുകൾക്ക് എത്താൻ പറ്റാത്തിടത്തുമെല്ലാം ചൊറിയാൻ വെറോണിക്ക ഈ വിദ്യ പ്രയോഗിക്കും.
ആസ്ട്രിയയിലെ വിയന്നയോട് ചേർന്ന ഒരു ഗ്രാമ പ്രദേശത്താണ് വെറോണിക്ക കഴിയുന്നത്. വെറോണിക്ക വർഷങ്ങളായി ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെന്ന് ഉടമ വിറ്റ്ഗർ വീഗേൽ പറയുന്നു. ആദ്യം കൗതുകമായിരുന്നു. പിന്നീട് അവൾ സ്ഥിരം ഉപയോഗിക്കുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.
സംഭവം അറിഞ്ഞ് ഇത് കാണാൻ ധാരാളം ആളുകൾ വന്നു തുടങ്ങി. ശാസ്ത്ര കുതുകികളും അടങ്ങിയിരുന്നില്ല. ചിമ്പാൻസികളും മറ്റും ചില ടൂളുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു പശു ടൂൾ ഉപയാഗിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണ്.
ഇതോടെ വിയന്നയിലെ വെറ്ററിനറി മെഡിക്കൽ യൂനിവേഴ്സിറ്റിയിൽനിന്ന് ഗവേഷകരായ അന്റോണിയോ ഒസുന മസ്കാരോ, ആലിസ് ആസ്പേർഗ് എന്നിവർ എത്തിച്ചേർന്നു.
വെറോണിക്കക്കൊപ്പം നിരന്തരം സഹവസിച്ച് ടൂൾ ഉപയോഗത്തിനു പിന്നിലുള്ള കാര്യങ്ങൾ അറിയുകയായിരുന്നു ലക്ഷ്യം. നീളമുള്ള ഡെക്ക് ബ്രഷുകളും അവർ അവൾക്ക് നൽകി. അതിന്റെ ദൃഡമായ വശംകൊണ്ട് പുറം ചൊറിയുകയും മൃദുലമായ വശം നേർത്ത തൊലികളുള്ള വയറിന്റെ ഭാഗങ്ങൾ ചൊറിയാനുമാണ് വെറോണിക്ക ഉപയോഗിച്ചത്.
കറന്റ് ബയോളജിയിൽ പ്രസിദ്ധീകരിച്ച ഇവരുടെ പഠനത്തിൽ ഇതുൾപ്പെടെ വിലപ്പെട്ട നിരീക്ഷണങ്ങൾ ഉൾപ്പെടുന്നുണ്ട്. വെറോണിക്കയുടെ പെരുമാറ്റം പ്രവചനങ്ങൾക്കപ്പുറമായിരുന്നുവെന്നും ഒരു പശുവിൽനിന്ന് ഇതുവരെയുണ്ടാകാത്തതുമായിരുന്നുവന്നും ഈ പഠനത്തിൽ പറയുന്നു. മറ്റൊരു പ്രധാന കണ്ടെത്തലുകളും ഇവർ നടത്തിയിട്ടുണ്ട്.
ഉൽപാദനക്ഷമതക്കായി സഹസ്രാബ്ദങ്ങളായി വളർത്താൻ തുടങ്ങിയിട്ടും മൃഗങ്ങളുടെ ബുദ്ധിയെക്കുറിച്ചുള്ള ധാരണകളിൽനിന്ന് നമ്മൾ ബഹുദൂരം പിന്നിലാണെന്നതാണ് അത്. വെറോണിക്കയുടെ കേസ് ഈ അവഗണനയെ വെല്ലുവിളിക്കുന്നു, സാങ്കേതിക പ്രശ്‌നപരിഹാരം വലിയ തലച്ചോറുള്ള ജീവിവർഗങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് വെറോണിക്ക വെളിപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.