തെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇറാനുമായുള്ള സാങ്കേതിക ചർച്ചകൾ തുടരുന്നതിനായി യു.എസ് ദൂതൻമാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്‌നറും ഖത്തർ തലസ്ഥാനായ ദോഹയിലെത്തി. ഇരുവരും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ യു.എസ് പ്രതിനിധികളുമായി നേരിട്ടുള്ള ഇറാൻ തയ്യാറായിട്ടില്ല.
യു.എസ് എണ്ണ ഉപരോധങ്ങൾ ഒഴിവാക്കുകയും മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുനൽകുകയും ലബനാനിലെ ആക്രമണങ്ങൾ അവസാനിക്കുകയും ചെയ്യുന്നതുവരെ അന്തിമ കരാറിനുള്ള ചർച്ചകൾ ആരംഭിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു.
അതേസമയം ദോഹയിൽ സാങ്കേതിക ചർച്ചകൾക്ക് ഇറാൻ തയ്യാറാവാത്തതിനെ മനഃപൂർവമായ 'പേർഷ്യൻ ചർച്ചാ തന്ത്രം' എന്നാണ് യു.എസ് പ്രതിനിധി ജെ.ഡി വാൻസ് വിശേഷിപ്പിച്ചത്. "നിശ്ചയിച്ച പ്രകാരം ചർച്ചകൾ ഉണ്ടായിരുന്നു, ശരിക്കും സാങ്കേതിക ചർച്ചകൾ, ഞങ്ങൾ ഇതിനകം നടത്തിയ ചർച്ചയെ അടിസ്ഥാനമാക്കിയുള്ളതാണ്. അവ തീർച്ചയായും നാളെ നടക്കും," ചൊവ്വാഴ്ച നൽകിയ ഒരഭിമുഖത്തിൽ വാൻസ് പറഞ്ഞു.
ടെഹ്‌റാന്റെ പരസ്യ പ്രസ്താവനകൾ നിരാശാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇറാൻ മധ്യസ്ഥരുമായി കൂടിയാലോചനകൾ തുടരുകയാണ്. യു.എസുമായുള്ള ധാരണാപത്രം നടപ്പാക്കുന്നതിനെക്കുറിച്ചും മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുകിട്ടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി മധ്യസ്ഥ ഖത്തറുമായി ചർച്ചകൾ നടത്തുമെന്ന് ഇറാൻ അറിയിച്ചു. സമാധാനകരാർ ലംഘിക്കുന്ന അമേരിക്കയുടെ ഏതൊരു നടപടിക്കും മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഹുർമുസ് കടലിടുക്കിന്മേൽ ഇറാൻ പരമാധികാരം ഉറപ്പിക്കുമെന്ന് ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചക്ക് നേതൃത്വം നൽകുന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. ഹുർമുസിൽ ഫീസിൽ നിന്ന് 60 ദിവസത്തെ താൽക്കാലിക ഇളവ് മാത്രമേ ധാരണാപത്രം നൽകുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഹുർമുസ് കടലിടുക്കിനെ സൈനികവൽക്കരിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് വിവാദങ്ങളോ കുതന്ത്രങ്ങളോ സൃഷ്ടിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സാഹചര്യത്തിലും ഈ നിലപാടിൽ നിന്ന് പിന്മാറുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 17ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഇരു രാജ്യങ്ങളും സമാധാന ധാരണയിൽ സാങ്കേതിക ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതിൽ 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഹുർമുസിൽ ടോൾരഹിത ഗതാഗതം അനുവദിക്കാനും ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധം പിൻവലിക്കാനും മരവിപ്പിച്ച ഇറാൻ ആസ്തികൾ വിട്ടുനൽകാനും ധാരണയായിരുന്നു. എന്നാൽ ഹുർമുസ് ഇറാൻ നിശ്ചയിച്ച പാത ലംഘിക്കാൻ ശ്രമിച്ചതോടെ മേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ഇരു ഭാഗത്തുനിന്നും ആക്രമണവും പ്രത്യാക്രമണവും ഉണ്ടായി. എന്നിട്ട് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഇരു രാജ്യങ്ങളും ധാരണയിൽ എത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത ആക്രമണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.