ഖത്തറിന്‍റെ ഇടപെടൽ; 54 ബോസ്നിയൻ പൗരന്മാരെ ഗസ്സയിൽ നിന്ന് ഒഴിപ്പിച്ചു

ദോഹ: ഗസ്സയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ 54ഓളം ബോസ്നിയൻ പൗരന്മാരെ ഖത്തറിന്റെ ഇടപെടലിലൂടെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഒക്ടോബർ ഏഴിന് യുദ്ധം തുടങ്ങിയ നാൾമുതൽ ഗസ്സയിൽ കുടുങ്ങിയ ഇവരെ നയതന്ത്ര ഇടപെടലിലൂടെയാണ് ഖത്തർ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിലെത്താൻ തുണച്ചത്.

ഈജിപ്തിലെ ഖത്തർ അംബാസഡർ താരിഖ് അലി അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘം റഫ അതിർത്തിയിൽ ഇവരെ സ്വാഗതം ചെയ്തു. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള 54 പേരുടെ സംഘമാണ് സുരക്ഷിതമായി അതിർത്തി കടന്ന്, തങ്ങളുടെ രാജ്യത്തേക്കുള്ള യാത്രക്ക് വഴിയൊരുങ്ങിയത്. സൗഹൃദ രാജ്യങ്ങളുടെയും മറ്റും സഹകരണത്തോടെ ഖത്തർ നടത്തിയ ഇടപെടലുകളാണ് ഗസ്സയിലെ വിദേശ പൗരന്മാർക്ക് ലക്ഷ്യ സ്ഥാനങ്ങളിലെത്താൻ വഴിയൊരുക്കിയത്.

ആഴ്ചകൾ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് ബോസ്നിയൻ പൗരത്വമുള്ള ഗസ്സക്കാരെ സുരക്ഷിതമായി റഫ അതിർത്തി കടത്താൻ കഴിഞ്ഞതെന്ന് ബോസ്നിയൻ വിദേശകാര്യ മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി അറിയിച്ചു.  

70,000 പേർക്ക് ശ്വാസകോശ അണുബാധ

ഗസ്സ സിറ്റി: യുദ്ധം മൂലം ജനജീവിതം ദുസ്സഹമായ ഗസ്സയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 70,000 ശ്വാസകോശ അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി സംഘടന വെള്ളിയാഴ്ച അറിയിച്ചു.

ഭക്ഷണവും വെള്ളവുമില്ലാതെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്കിടയിൽ രോഗങ്ങൾ അതിവേഗം പടരുകയാണ്. 44,000 വയറിളക്ക രോഗബാധയും റിപ്പോർട്ട് ചെയ്തു. ശൈത്യകാലം ആസന്നമായതിനാൽ സ്ഥിതിഗതികൾ രൂക്ഷമാകുമെന്ന് സംഘടനയുടെ ഫലസ്തീൻ പ്രതിനിധി പറഞ്ഞു. 

രണ്ട് ഇന്ധന ട്രക്കുകൾക്ക് അനുമതി

റഫ: പ്രതിദിനം രണ്ട് ഇന്ധന ട്രക്കുകൾക്ക് അതിർത്തി കടന്ന് ഗസ്സയിലെത്താൻ ഇസ്രായേൽ യുദ്ധ മന്ത്രിസഭയുടെ അനുമതി. യുദ്ധത്തിനു മുമ്പ് എത്തിയിരുന്നതിന്റെ രണ്ട് മുതൽ നാല് ശതമാനം വരെ മാത്രമാണിത്. വാർത്താവിനിമയ സംവിധാനം നിലക്കാതിരിക്കാനും കുടിവെള്ള വിതരണത്തിനുമാണ് ഇന്ധനം ഉപയോഗപ്പെടുത്തുകയെന്ന് ഇസ്രായേൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 

Tags:    
News Summary - Qatar's intervention; 54 Bosnian citizens evacuated from Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.