മോസ്കോ: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യാതൊരു പ്രകോപനവും അടിസ്ഥാനവുമില്ലാതെയാണ് ഇറാനെ ആക്രമിച്ചത്, ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും പുടിൻ പറഞ്ഞു.
തിങ്കളാഴ്ച മോസ്കോയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് പുടിന്‍റെ പ്രതികരണം. അമേരിക്കയുടെ കടന്നാക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്. ‘ഒരു പ്രകോപനവുമില്ലാതെ യു.എസ് ഇറാന്റെ മേൽ നടത്തിയ ആക്രമണം ന്യായീകരിക്കാനാവാത്തതാണ്. ഇറാനുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളത്. ഇറാൻ ജനതയെ സഹായിക്കാനുള്ള ശ്രമങ്ങളെല്ലാം ഞങ്ങൾ നടത്തും’ -പുടിൻ പറഞ്ഞു.
ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും നടപടികളെ അപലപിച്ചതിന് റഷ്യയോട് അറാഖ്ജി നന്ദി അറിയിച്ചു. ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണം നിയമവിരുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. രാജ്യത്തെയും രാജ്യത്തിന്റെ പരമാധികാരത്തെയും സംരക്ഷിക്കാനുള്ള ഇറാന്റെ പ്രതിരോധം നിയമാനുസൃതമാണ്. സമാധാനപരമായ ആണവോർജ മേഖലയിൽ റഷ്യ എപ്പോഴും ഇറാന്റെ പങ്കാളിയാണെന്നും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച ചർച്ചകളിൽ അവർ നല്ല പങ്കുവഹിച്ചിട്ടുണ്ടെന്നും അറാഖ്ജി പറഞ്ഞു.
നേരത്തേ, ഇറാൻ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ ഒരുക്കമാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കിയിരുന്നു. ‘ഞങ്ങൾ മധ്യസ്ഥത സന്നദ്ധത അറിയിച്ചിട്ടുണ്ട്. അത് ഉറച്ചതാണ്. ഇറാന് ആവശ്യമായ സഹായം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവും’ -അദ്ദേഹം വ്യക്തമാക്കി. റഷ്യൻ പ്രസിഡന്റ് വ്ലദിമിർ പുടിനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള സമീപകാല സംസാരങ്ങളിൽ ഇറാൻ പ്രധാന വിഷയമായിരുന്നെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.
ഇറാനും റഷ്യയും തമ്മിൽ തന്ത്രപരമായ സഹകരണത്തിനുള്ള കരാർ നിലവിലുണ്ട്. എന്നാൽ, ഇതുപ്രകാരം ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ സൈനികമായി സഹായിക്കാൻ വ്യവസ്ഥയില്ല. അതേസമയം, അക്രമി രാഷ്ട്രത്തിന്റെ കൂടെ കൂടാതിരിക്കാനും ആവശ്യമായ മധ്യസ്ഥതക്ക് ശ്രമിക്കാനും വ്യവസ്ഥയുണ്ട്.
അതേസമയം, അമേരിക്കക്കു പിന്നാലെ ഫോർദോയിൽ ഇസ്രായേൽ സൈന്യവും ആക്രമണം നടത്തി. ആക്രമണം ഇറാൻ സ്ഥിരീകരിച്ചെങ്കിലും ഫോർദോയിൽ എത്ര നാശമുണ്ടായെന്നതിൽ വ്യക്തതയില്ല. ഞായറാഴ്ച പുലർച്ചെയാണ് അമേരിക്ക അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽപറത്തി ഫോർദോ ഉൾപ്പെടെ ഇറാനിലെ മൂന്നു ആണവ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയത്. ഇറാന്‍റെ ആണവ സ്വപ്നം തകർത്തെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും കാര്യമായ നാശമുണ്ടായിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. തൊട്ടടുത്ത ദിവസമാണ് ഇസ്രായേലും ഇതേ കേന്ദ്രം ആക്രമിച്ചത്. കൂടാതെ പാരാമിലിട്ടറി റെവലൂഷനറി ഗാർഡ്സ് ആസ്ഥാനം, ഫലസ്തീൻ ചത്വരം, പാരാമിലിട്ടറി ബാസിജ് വളണ്ടിയർ കോർ കെട്ടിടം, ഇവിൻ ജയിൽ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ബൂഷഹ്ർ, അഹ്‍വാസ്, യസ്ദ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ മിസൈൽ സംഭരണ കേന്ദ്രം, മിസൈൽ ലോഞ്ചിങ് കേന്ദ്രം, ഡ്രോൺ സംഭരണകേന്ദ്രം, വ്യോമപ്രതിരോധ ഉപകരണ ഉൽപാദന കേന്ദ്രം എന്നിവിടങ്ങളിൽ ആക്രമണം നടത്തി കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇസ്രായേൽ പറയുന്നു. യസ്ദിലെ ഇമാം ഹുസൈൻ മിസൈൽ കേന്ദ്രം ആക്രമിച്ച് ഖുർറംഷഹ്ർ മിസൈലുകൾ നശിപ്പിച്ചതായി ഇസ്രായേൽ വ്യോമസേന മേധാവി മേജർ ജനറൽ ടോമർ ബാർ അവകാശപ്പെട്ടു.
ഇസ്രായേൽ വ്യോമ സേനയുടെ 50 യുദ്ധ വിമാനങ്ങൾ പങ്കെടുത്ത ദൗത്യത്തിൽ ഇറാനിയൻ സൈന്യത്തിന് വലിയ തിരിച്ചടി നൽകാനായെന്നും ഐ.ഡി.എഫ് അവകാശപ്പെടുന്നു. ഇതിനു മറുപടിയായി ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇറാൻ വൃത്തങ്ങൾ പറഞ്ഞു. തെൽ അവീവ്, ഹൈഫ നഗരങ്ങൾക്കു പുറമെ, ഇസ്രായേലിലെ മറ്റു നഗരങ്ങളിലും മിസൈൽ പതിച്ചതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.