ഇസ്ലാമാബാദ്: നിരവധി വെല്ലുവിളികൾ നേരിടുന്ന രാജ്യത്തെ, പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.ഐ) നേതൃത്വം നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് പറഞ്ഞു. മന്ത്രിസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിനെതിരെ ‘സംഘടിത ഭീകരപ്രവർത്തനം’ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു.
ഇംറാൻ ഖാന് ആശ്വാസമേകിയ സുപ്രീംകോടതി നടപടിയെയും പ്രധാനമന്ത്രി വിമർശിച്ചു. ഇയാൾക്ക് ആനുകൂല്യം നൽകുകയാണെങ്കിൽ രാജ്യത്ത് ജയിലിൽ കഴിയുന്ന മുഴുവൻ കൊള്ളക്കാരെയും വിട്ടയക്കണമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.ഐ പ്രക്ഷോഭകർ രാജ്യത്തെ രക്തസാക്ഷികളോട് അനാദരവ് കാട്ടിയിരിക്കുകയാണ്. ശത്രുക്കൾപോലും ഈ രീതിയിൽ പെരുമാറിയിട്ടില്ല. സൈനിക കേന്ദ്രങ്ങൾക്കുനേരെ നടന്ന ആക്രമണത്തേക്കാൾ വലിയ ഭീകരപ്രവർത്തനം നടക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മുഴുവൻ കേസുകളിലും ജാമ്യം ലഭിക്കുന്നില്ലെങ്കിൽ ഇംറാൻ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി റാണ സനാവുല്ല പറഞ്ഞു. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചാൽ അറസ്റ്റ് ചെയ്യില്ല. ചില കേസുകളിൽ ജാമ്യം ലഭിക്കുകയും മറ്റുള്ളവയിൽ ലഭിക്കാതിരിക്കുകയും ചെയ്താൽ തീർച്ചയായും അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യും. ഇംറാന് ലഭിച്ച ജാമ്യം റദ്ദാക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.