വിമാനത്താവള റൺവേയിലേക്ക് ഇരച്ചുകയറിയവർ
മോസ്കോ: ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിൽ പ്രതിഷേധിച്ച് റഷ്യയിലെ ഡാഗിസ്താൻ മേഖലയിലെ മഖാച്കല വിമാനത്താവളത്തിലേക്ക് നൂറുകണക്കിനാളുകൾ ജൂതവിരുദ്ധ മുദ്രാവാക്യം മുഴക്കി ഇരച്ചുകയറി.
റഷ്യൻ വിമാനക്കമ്പനിയായ റെഡ് വിങ്സിന്റെ ഇസ്രായേലിലെ തെൽ അവീവിൽനിന്ന് വന്ന വിമാനമാണ് ജനക്കൂട്ടം വളഞ്ഞത്. റൺവേയിലേക്ക് വരെ എത്തിയ പ്രതിഷേധക്കാരെ സാഹസപ്പെട്ടാണ് സുരക്ഷ അധികൃതർ ഒഴിപ്പിച്ചത്. സംഘർഷത്തിൽ ഒമ്പത് പൊലീസുകാർ ഉൾപ്പെടെ 20ലധികം പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമിസംഘത്തിൽ 150ലേറെ പേർ ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. ആൾക്കൂട്ടം ഫലസ്തീൻ പതാക വീശുന്നതും പൊലീസ് കാർ മറിച്ചിടാൻ ശ്രമിക്കുന്നതുമായ വിഡിയോ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരുടെ പാസ്പോർട്ട് പരിശോധിക്കുന്നതും കാണാം. ഇത് ഇസ്രായേൽ പൗരന്മാരെ തിരിച്ചറിയാൻ ആയിരുന്നെന്നാണ് കരുതുന്നത്.
യാത്രക്കാർ സുരക്ഷിതരാണ്. ഇസ്രായേൽ പൗരന്മാരുടെയും ജൂത സമൂഹത്തിന്റെയും സുരക്ഷ ഉറപ്പുവരുത്താനും ജൂതർക്കെതിരെ പ്രേരണ നടത്തുന്നവരെ കൈകാര്യം ചെയ്യാനും റഷ്യൻ ഭരണകൂടം വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചു. നവംബർ ആറുവരെ വിമാനത്താവളം അടച്ചിടും.
നിയമം കൈയിലെടുക്കുന്ന പ്രതിഷേധം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡാഗിസ്താൻ ഗവർണർ സെർജി മെലികോവ് പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമല്ലെന്നും പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തരുതെന്നും ഡാഗിസ്താൻ സുപ്രീം മുഫ്തി ശൈഖ് അഖ്മദ് അഫൻദി ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.