ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ തല്ലിക്കൊന്നു

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ​കൊന്ന് കത്തിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ വീണ്ടും സമാന സംഭവം. 29 കാരനായ അമൃത് മൊണ്ടാൽ എന്ന സാമ്രാട്ട് ആണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യ തലസ്ഥാനമായ ധാക്കയിൽനിന്ന് ഏകദേശം മൂന്നര മണിക്കൂർ അകലെയുള്ള രാജ്ബാരിയിൽ കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് സംഭവം.

സാമ്രാട്ട് ബാഹിനി എന്ന ക്രിമിനൽ കൊള്ള സംഘത്തിന്റെ നേതാവായിരുന്നു കൊല്ലപ്പെട്ട യുവാവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദി ഡെയ്‍ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. ഷെയ്ഖ് ഹസീനക്ക് അധികാരം നഷ്ടപ്പെട്ടതോടെ യുവാവും സംഘവും നാടുവിട്ടിരുന്നു. അടുത്തിടെ സ്വന്തം ഗ്രാമമായ ഹൊസെൻഡംഗയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്.

യുവാവിന്‍റെ കൊലപാതകത്തെ ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്‍റെ മുഖ്യ ഉപദേശകൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അപലപിച്ചു. പക്ഷേ ഇത് വർഗീയ ആക്രമണമല്ലെന്നും കൊള്ളയടിക്കലും തീവ്രവാദ പ്രവർത്തനങ്ങളും മൂലമാണെന്നും മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൽ ആലം പറഞ്ഞു. 29 കാരനായ അമൃത് മൊണ്ടാൽ ‘മുൻനിര തീവ്രവാദി’ ആയിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ ഇയാളും സംഘവും രാജ്ബാരിയിൽ ആക്രമം നടത്തിയിരുന്നെന്നും പ്രസ്താവനയിൽ പറയുന്നു.

ഡിസംബർ 18നാണ് ദിപു ചന്ദ്ര ദാസ് എന്ന 25കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. മൈമൻ സിങ് പട്ടണത്തിലെ വസ്ത്ര ഫാക്ടറി തൊഴിലാളിയായിരുന്നു. സംഭവത്തിൽ ഇതുവരെ പത്തുപേർ അറസ്റ്റിലായിട്ടുണ്ട്. ഫാക്ടറിക്ക് പുറ​ത്ത് ആൾക്കൂട്ടം ആ​​ക്രമിച്ച ദീപുവിനെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. സംഭവത്തിനു ശേഷം മൃതദേഹം മൈമൻസിങ് ഹൈവേയിലെത്തിച്ച് തീകൊളുത്തുകയും ചെയ്തു.

സംഭവത്തെ ബംഗ്ലാദേശ് സർക്കാർ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ജൂലൈയിൽ ശൈഖ് ഹസീന സർക്കാറിനെ താഴെയിറക്കിയ ‘ജെൻ സി’ പ്രക്ഷോഭ നായകൻ ശരീഫ് ഉസ്മാൻ ഹാദി തലക്ക് വെടിയേറ്റ് കൊല്ലപ്പെട്ടതോടെയാണ് രാജ്യത്ത് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്.

Tags:    
News Summary - Second Hindu man's lynching death in Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.