ന്യൂയോർക്ക്: ന്യൂയോർക്കിലെ പ്രശസ്തമായ ടൈംസ് സ്‌ക്വയറിലുയർന്ന ‘യേശു ഫലസ്തീനിയാണ്’ എന്ന് പ്രഖ്യാപിക്കുന്ന ബിൽബോർഡ് ക്രിസ്‌മസ് വേളയിൽ വൻ ജനശ്രദ്ധ കവരുകയും സജീവമായ ചർച്ചക്ക് വഴിവെക്കുകയും ചെയ്തു. ഗസ്സ വംശഹത്യാ യുദ്ധത്തിനിടയിലെ ശക്തമായ രാഷ്ട്രീയ പ്രസ്താവനയായി ബിൽബേർഡിലെ വാക്കുകൾ വിശേഷിപ്പിക്കപ്പെട്ടു. അതോടൊപ്പം വിശ്വാസം, രാഷ്ട്രീയം, സ്വത്വം എന്നിവയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളും സൃഷ്ടിച്ചു.
അവധിക്കാലത്തിന്റെ മൂർധന്യാവസഥയിൽ ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ച ഡിജിറ്റൽ ബിൽബോർഡിന് അമേരിക്കൻ-അറബ് വിവേചന വിരുദ്ധ കമ്മിറ്റി (എ.ഡി.സി)യാണ് പണം നൽകിയത്. ക്രിസ്മസ് ആശംസിക്കുന്ന ഒരു പ്രത്യേക പാനലിനൊപ്പം ഇത് പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാരിലൂടെയും വിനോദസഞ്ചാരികളിലൂടെയും മറ്റു ദശലക്ഷങ്ങളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉടനടി വൈറലായി.
പച്ച പശ്ചാത്തലത്തിൽ കടും കറുപ്പ് നിറത്തിലുള്ള അക്ഷരങ്ങളിലാണ് സന്ദേശം. ചുരുക്കമെങ്കിലും ചില കാഴ്ചക്കാർ ഇതിനെ ഭിന്നിപ്പിക്കുന്നതെന്നോ പ്രകോപനപരമെന്നോ വിശേഷിപ്പിച്ചു. സമാധാനവും സൗഹാർദവും നിറഞ്ഞ ഒരു ഉൽസവ സീസണിൽ ചരിത്രം, വിശ്വാസം, സ്വത്വം എന്നിവയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ക്ഷണമായിട്ടാണ് മറ്റുള്ളവർ ഇതിനെ കണ്ടത്.
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട പ്രസ്താവനയിൽ, യേശുവിനെ ബെത്‌ലഹേമിൽ ജനിച്ച ഒരു ഫലസ്തീൻ അഭയാർത്ഥിയായി എ.ഡി.സി വിശേഷിപ്പിച്ചു. ഗസ്സ വംശഹത്യ സഹിക്കുമ്പോഴും യേശുവിന്റെ ജന്മസ്ഥലം ഉപരോധത്തിനും അധിനിവേശത്തിനും വിധേയമാകുമ്പോഴും, ടൈംസ് സ്ക്വയറിന്റെ ഹൃദയഭാഗത്ത് ഒരു അടിസ്ഥാന സത്യം ഞങ്ങൾ വീണ്ടെടുക്കുന്നു.
ഫലസ്തീൻ സ്വത്വത്തിന്റെ മായ്ച്ചുകളയലുകളെ പ്രോൽസാഹിപ്പിക്കപ്പെടുമ്പോൾ, സാംസ്കാരിക പ്രതിരോധശേഷിയുടെ ഒരു പ്രവൃത്തിയായാണ് ബിൽബോർഡുകൾകൊണ്ട് ഉദ്ദേശിച്ചതെന്ന് അവർ പറഞ്ഞു. ഐക്യം, പൈതൃകം എന്നിവയിലൂടെ ഫലസ്തീനെ മുകളിൽ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നു. ഇസ്‍ലാം യേശുവിനെ ഒരു പ്രവാചകനായി ബഹുമാനിക്കുന്നുവെന്നതും അവർ എടുത്തുകാണിച്ചു.
‘എക്‌സി’ലെ ഒരു ഉപയോക്താവ് ബിൽബോർഡിനെ ‘മനോഹരവും ചിന്തോദ്ദീപകവുമെന്ന്’ വിശേഷിപ്പിച്ചു. അമേരിക്കയിൽ ഇത്തരമൊരു സന്ദേശം ഇത്ര പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചത് കണ്ട് അത്ഭുതപ്പെട്ടുവെന്ന് മറ്റു ചിലർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.