ഗസ്സ വംശഹത്യ: തുടർച്ചയായ രണ്ടാംവർഷവും ആഗോള തലത്തിൽ ഇസ്രായേലിന്റെ ജനസമ്മതി കൂപ്പുകുത്തി

തെൽഅവീവ്: തുടർച്ചയായ രണ്ടാംവർഷവും ഗ്ലോബൽ ബ്രാൻഡിങ് ഇൻഡക്സിൽ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇസ്രായേൽ. ഗസ്സ വംശഹത്യ കാരണം ഇസ്രായേൽ ഭരണകൂട​ത്തോട് മാത്രമല്ല, അവിടത്തെ ജനങ്ങളോടും ആഗോളതലത്തിൽ എതിർപ്പ് വർധിച്ചുവരികയാണ്. ബ്രാൻഡിങ് ഇൻഡക്സ് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് തുടർച്ചയായ രണ്ടാംവർഷവും ഇസ്രായേൽ ആഗോള ബ്രാൻഡിങ് സൂചികയും അവസാന സ്ഥാനത്താണ്. രണ്ട് പതിറ്റാണ്ടിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും വലിയ ഇടിവാണിത്.

ആഗോള തലത്തില്‍ ഇസ്രായേലി​നോടുള്ള വിശ്വാസം കുറയുക, വിദേശ നിക്ഷേപം കുറയുക, ടൂറിസത്തില്‍ ഇടിവ് സംഭവിക്കുക, അന്താരാഷ്ട്ര സമൂഹത്തിനിടയിലെ മതിപ്പ് കുറയുക തുടങ്ങിയ സാമ്പത്തിക തിരിച്ചടികളുണ്ടാകാനുള്ള സാധ്യതകളെ കുറിച്ചും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

2025 ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ നടത്തിയ സർവേയിൽ ഇസ്രായേലിന്റെ മൊത്തത്തിലുള്ള സ്കോർ മുൻ വർഷത്തെ അപേക്ഷിച്ച് 6.1 ശതമാനം കുറഞ്ഞതായും കാണിക്കുന്നുണ്ട്. ഇസ്രായേൽ പൗരൻമാരെ വ്യക്തിത്വമില്ലാത്തവരായി കണക്കാക്കുന്നതും വർധിച്ചതായും ഇസ്രായേൽ പത്രമായ യെദിയോത്ത് അഹ്‌റോനത്ത് റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേലുമായി ബന്ധപ്പെട്ട സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിൽ ഉപയോക്താക്കൾക്കുള്ള വിമുഖത വർധിച്ചുവരുന്നുണ്ട്. മേയ്ഡ് ഇൻ ഇസ്രായേൽ എന്ന ലേബലുള്ള ഉൽപ്പന്നങ്ങളെയാണ് ഇത് നന്നായി ബാധിച്ചിട്ടുള്ളത്.

2023 ഒക്ടോബറിൽ ഗസ്സയിൽ ആക്രമണം തുടങ്ങിയതുമുതൽ ഇസ്രായേലിന്റെ ആഗോള റാങ്കിങ് കുത്തനെ ഇടിഞ്ഞു.

യൂഗോവ് സർവേ പ്രകാരം 2025ൽ യൂറോപ്യൻ ജനതക്കിടെയിൽ ഇസ്രായേലിനുള്ള പിന്തുണ ഗണ്യമായി ഇടിഞ്ഞതായി ക​ണ്ടെത്തി. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, സ്​പെയിൻ രാജ്യങ്ങളിൽ നടത്തിയ സർവേയിൽ 20 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ഇസ്രായേലിന് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. അമേരിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. 53 ശതമാനത്തിലേറെ അമേരിക്കൻ ജനതക്കും ഇസ്രായേലിനോട് പ്രതികൂലമായ നിലപാടാണുള്ളത്. 2023ൽ ഇത് 42 ശതമാനമായിരുന്നു.

2025 ജനുവരി മുതൽ ഏപ്രിൽ വരെ പ്യൂ നടത്തിയ സർവേയുടെ ഭാഗമായ 24 രാജ്യങ്ങളിൽ 20ലും ഇസ്രായേലിനെതിരായ നിലപാട് സ്വീകരിച്ചവരായിരുന്നു കൂടുതലും.

ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകൾക്കും ഇസ്രായേലിനെയും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെയും കുറിച്ച് നിഷേധാത്മക വീക്ഷണമാണെന്നാണ് സർവേ തെളിയിക്കുന്നത്. അറബ്, മുസ്‍ലിം രാജ്യങ്ങൾ വളരെക്കാലമായി ഇസ്രായേലിനെക്കുറിച്ച് നിഷേധാത്മക വീക്ഷണങ്ങൾ പുലർത്തുന്നുണ്ടെങ്കിലും യൂറോപ്പിലും കിഴക്കൻ ഏഷ്യയിലും ഉടനീളം വർധിച്ചുവരുന്ന എതിർപ്പാണ് സർവേ എടുത്തുകാണിച്ചത്. പടിഞ്ഞാറൻ യൂറോപ്പിലും യുവതലമുറയിലും ഇസ്രായേലിനെക്കുറിച്ചുള്ള പോസിറ്റീവ് ധാരണകൾ കുറഞ്ഞുവരികയാണ്. 2023 ഒക്ടോബർ മുതൽ ഇസ്രായേൽ ഗസ്സയിൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ ഏതാണ്ട് 71,000 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

Tags:    
News Summary - Index shows global disapproval of Israel due to Gaza genocide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.