ലണ്ടൻ: സ്വന്തം സുരക്ഷയെച്ചൊല്ലിയുള്ള നിയമപരമായ തർക്കത്തിൽ പരാജയപ്പെട്ടതിനു പിന്നാലെ പിതാവും രാജാവുമായ ചാൾസുമായുള്ള ബന്ധത്തിന്റെ വിള്ളൽ തുറന്നുകാട്ടി ഹാരജി രാജകുമാരൻ. പിതാവ് തന്നോട് സംസാരിക്കാറില്ലെന്നും ഭാര്യയെയും കുട്ടികളെയും യു.കെയിലേക്ക് തിരികെ കൊണ്ടുവരുന്നത് അസാധ്യമാണെന്നും സസെക്സ് ഡ്യൂക്ക് പറഞ്ഞു.
തന്റെ പിതാവ് സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി തന്നോട് സംസാരിക്കുന്നില്ലെന്ന് രാജകുമാരൻ ബി.ബി.സിയുമായുള്ള ഒരു വൈകാരിക അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. എന്നാൽ, ജീവിതം വിലപ്പെട്ടതാണെന്നും കാൻസർ ബാധിതനായ പിതാവ് എത്ര കാലം ജീവിച്ചിരിക്കുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബവുമായുള്ള അനുരഞ്ജനം ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
‘എന്റെ ഭാര്യയെയും കുട്ടികളെയും ഈ ഘട്ടത്തിൽ യു.കെയിലേക്ക് തിരികെ കൊണ്ടുവരുന്നത് സങ്കൽപിക്കാൻ കഴിയില്ല. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ആ രാജ്യത്തെ ചിലർ സേവിച്ചതുപോലെ ഞാനും ചെയ്തിട്ടുണ്ട്. എനിക്ക് യു.കെയെ നഷ്ടമായി. എന്റെ കുട്ടികൾക്ക് എന്റെ മാതൃരാജ്യം കാണിച്ചുകൊടുക്കാൻ കഴിയാത്തത് വളരെ സങ്കടകരമാണ്’ എന്നും ഹാരി പറഞ്ഞു. ഇപ്പോൾ യു.എസിലെ കാലിഫോർണിയയിലാണ് 40കാരനായ ഹാരി കുടുംബത്തോടൊപ്പം താമസിക്കുന്നത്.
യു.കെയിലെ നികുതിദായകർ നൽകുന്ന ധനസഹായത്തോടെ ലഭിക്കേണ്ട സുരക്ഷയുടെ നിലവാരത്തെച്ചൊല്ലിയുള്ള നിയമപരമായ നീക്കത്തിൽ സസെക്സ് ഡ്യൂക്ക് പരാജയപ്പെട്ടു. ഇത് തന്റെ കുടുംബത്തിന് ഉപാധികളോടെ താഴ്ന്ന സംരക്ഷണം നൽകാൻ സർക്കാറിനെ അനുവദിക്കുന്നു.
തന്നെ ഒറ്റപ്പെടുത്തി എന്നും രാജകീയ പദവിയിൽനിന്ന് രാജിവച്ച് വിദേശത്തേക്ക് താമസം മാറിയപ്പോൾ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിയതിനു ശേഷം ജീവൻ അപകടത്തിലാണ് എന്നുമുള്ള ഹാരി രാജകുമാരന്റെ വാദം അപ്പീൽ കോടതിയിലെ മൂന്ന് മുതിർന്ന ജഡ്ജിമാർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
2020ൽ താനും സസെക്സിലെ ഡച്ചസും രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയതിനുശേഷം യു.കെയിൽ ആയിരുന്നപ്പോൾ സുരക്ഷാ വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളെ ഹാരി ചോദ്യം ചെയ്തു.
എന്നാൽ, അദ്ദേഹത്തിന് ‘ആവശ്യാനുസരണം’ സുരക്ഷ വാഗ്ദാനം ചെയ്തുവെന്നും അത് താഴ്ന്നതാണെന്ന് അദ്ദേഹം കരുതുന്നുവെന്നും സുരക്ഷാ നടപടികൾക്ക് അംഗീകാരം നൽകുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് റോയൽറ്റി ആൻഡ് പബ്ലിക് ഫിഗേഴ്സ് (റാവെക്ക്) പ്രതികരിച്ചു.
ഇടപെടാൻ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പ്രശ്നം പരിഹരിക്കാൻ തന്റെ പിതാവിന് സഹായിക്കാനാകുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ‘ക്ഷണം ലഭിച്ചാൽ മാത്രമേ എനിക്ക് സുരക്ഷിതമായി യു.കെയിലേക്ക് വരാൻ കഴിയൂ. എന്റെ പിതാവിന്റെ കൈകളിൽ ധാരാളം നിയന്ത്രണവും കഴിവും ഉണ്ട്. ആത്യന്തികമായി ഇതെല്ലാം അദ്ദേഹത്തിലൂടെ പരിഹരിക്കാൻ കഴിയും. ഇടപെട്ടുകൊണ്ടല്ല, മറിച്ച് മാറിനിൽക്കുകയും വിദഗ്ധരെ ആവശ്യമായത് ചെയ്യാൻ അനുവദിക്കുകയും ചെയ്തുകൊണ്ട്’ -ഹാരി പറഞ്ഞു.
2020ന്റെ തുടക്കത്തിൽ സസെക്സിലെ ഡ്യൂക്ക് ഹാരിയും ഭാര്യയും ഡച്ചസുമായ മേഗനും സീനിയർ വർക്കിങ് റോയൽസ് സ്ഥാനം രാജിവച്ചതിനെത്തുടർന്ന് റാവെക്കിന്റെ തീരുമാനം നിയമാനുസൃതമാണെന്ന് കോടതി ജഡ്ജി കഴിഞ്ഞ വർഷം വിധിച്ചു. എന്നാൽ, ജഡ്ജി തന്റെ വിധിന്യായത്തിൽ തെറ്റ് ചെയ്തുവെന്ന് ഹാരിയുടെ നിയമസംഘം വാദിച്ചു.
25 താലിബാനികളെ കൊലപ്പെടുത്തിയയി ഹാരിയുടെ വിമർശകർ 2023ൽ തന്റെ ഓർമക്കുറിപ്പായ ‘സ്‌പെയറി’ൽ വെളിപ്പെടുത്തിയതിന് ശേഷം അദ്ദേഹം തീവ്രവാദികളുടെ ലക്ഷ്യമായി പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.