യു.എസ്-ഇറാൻ യുദ്ധം രൂക്ഷമാകുന്നു; രണ്ട് മരണം, സൗദി എണ്ണക്കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം, തെഹ്‌റാനിൽ ബോംബ് വർഷം

തെഹ്‌റാൻ/വാഷിങ്‌ടൺ: യു.എസ്-ഇറാൻ സംഘർഷം വൻ വ്യോമാക്രമണങ്ങളിലേക്കും കടൽപോരിലേക്കും വഴിമാറുന്നു. തുടർച്ചയായ 12ാം രാത്രിയിലും യു.എസ് സേന ഇറാന് നേരെ അതിശക്തമായ ബോംബാക്രമണം നടത്തി. ഇറാന്റെ തീരദേശ നഗരങ്ങളായ ബുഷെഹർ, അഹ്വാസ്, സിരിക് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ നടന്നു. ഇറാൻ-ഇറാഖ് അതിർത്തിയിലെ ശലാംചെ അതിർത്തിയിൽ യു.എസ് നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുഷെഹറിലെ സൈനിക കേന്ദ്രത്തിന് നേരെയും അന്ദിമഷ്ക് നഗര പ്രാന്തപ്രദേശങ്ങളിലും യു.എസ് മിസൈലുകൾ പതിച്ചു.

അതിനിടെ ചെങ്കടലിൽ സൗദി അറേബ്യൻ എണ്ണക്കപ്പലുകൾക്ക് നേരെ യമനിലെ ഹൂതി വിമതർ ആക്രമണം നടത്തി.ഹുർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. കൊല്ലപ്പെട്ട നാല് യു.എസ് സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുത്ത ട്രംപ്, ഇറാൻ ഇതിന് ‘വലിയ വില നൽകേണ്ടിവരുമെന്ന്’ വ്യക്തമാക്കി.

ട്രംപിന്റെ ഭീഷണി പുതിയ യുദ്ധത്തിന് ആക്കം കൂട്ടുന്നതാണെന്ന് വ്യക്തമാക്കിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഇറാന്റെ പ്രതിരോധ നയം ‘കണ്ണിന് കണ്ണ്’ എന്ന രീതിയിലാണെന്ന് തിരിച്ചടിച്ചു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും തെഹ്‌റാൻ മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ യു.എസ് സഖ്യകക്ഷികൾക്കും എണ്ണ വിൽപന തടസ്സപ്പെടുത്തുമെന്നാണ് ഇറാന്റെ നിലപാട്.

ചെങ്കടലിൽ സൗദി അറേബ്യയുടെ ‘എൻസെലിയ’, ‘ലൈല’ എന്നീ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഹൂതികൾ ക്രൂസ്-ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. സൗദി തീരത്ത് നിന്ന് 70 നോട്ടിക്കൽ മൈൽ അകലെ വെച്ചുണ്ടായ ആക്രമണത്തിൽ ‘എൻസെലിയ’ കപ്പലിന്റെ മുൻഭാഗത്ത് തീപിടിച്ചതായി സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയും യു.കെ എം.ടി.ഒയും സ്ഥിരീകരിച്ചു. ജീവനക്കാർ സുരക്ഷിതരാണ്. ബാബ് അൽ-മന്ദബ് കടലിടുക്കിലെ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്ത് കപ്പലുകൾ അടുക്കാൻ അനുവദിക്കാത്തതും എണ്ണ വരുമാനം തടഞ്ഞുവെച്ചതും കാരണം യമനിലെ 70 ശതമാനം വരുന്ന ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഉപരോധം പിൻവലിച്ചില്ലെങ്കിൽ സൗദി തുറമുഖങ്ങളിലേക്ക് പോകുന്ന ഏത് കപ്പലും ലക്ഷ്യമിടുമെന്ന് ഹൂതി കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - US-Iran conflict escalates: 12th night of bombing, strikes on Bushehr, Ahvaz, missile attack on Shalamcheh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.