ആസിയാൻ ഉച്ചകോടി

മനിലയിൽ ആസിയാൻ സമ്മേളനത്തിന് തുടക്കം; യു.എസ് - ഇറാൻ സംഘർഷവും ദക്ഷിണ ചൈനാ കടൽ തർക്കവും പ്രധാന ചർച്ചയാകും

മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നടക്കുന്ന ആസിയാൻ (ASEAN) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യു.എസും ഇറാനും തമ്മിൽ പുനരാരംഭിച്ച തുറന്ന സംഘർഷവും ഹുർമുസ് കടലിടുക്കിലെ അസ്ഥിരതയും നിർണ്ണായക ചർച്ചയാകും. ആഗോള വളർച്ചയെയും പണപ്പെരുപ്പത്തെയും ബാധിക്കുന്ന ഈ വിഷയങ്ങൾ യോഗത്തിൽ പ്രധാന ചർച്ചയാകുമെന്ന് ഫിലിപ്പീൻസ് വക്താവ് ഡൊമിനിക് സേവ്യർ ഇംപീരിയൽ വ്യക്തമാക്കി. ചൈനയുമായുള്ള സമുദ്ര തർക്കങ്ങളും മ്യാൻമർ ആഭ്യന്തരയുദ്ധവും നിലനിൽക്കുന്നതിനിടയിലാണ് അന്താരാഷ്ട്ര തലത്തിലെ പുതിയ പ്രതിസന്ധിയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മക്ക് മുന്നിൽ വെല്ലുവിളിയാകുന്നത്.

സ്വന്തം രാജ്യത്തിനകത്തെയും പ്രദേശത്തെയും കടുത്ത വെല്ലുവിളികളാണ് ആസിയാൻ രാജ്യങ്ങളുടെ പ്രമുഖ നയതന്ത്രജ്ഞരെ അലട്ടുന്നത്. മ്യാൻമറിൽ സൈനിക അട്ടിമറിയെ തുടർന്നുണ്ടായ ആഭ്യന്തരയുദ്ധം ആരംഭിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും, രാജ്യത്ത് സമാധാനം കൊണ്ടുവരാനുള്ള ആസിയാന്റെ സ​മാ​ധാ​നപ​ദ്ധ​തിക്ക് കാര്യമായ പുരോഗതി നേടാൻ കഴിഞ്ഞിട്ടില്ല. ഏകദേശം ഒരു ലക്ഷത്തോളം ആളുകളുടെ ജീവനെടുത്ത സംഘർഷം സംബന്ധിച്ച് യോഗത്തിൽ ചർച്ചകൾ നടക്കുമെന്നാണ് വിവരം.

കൂടാതെ ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങളും ആസിയാനിൽ ചർച്ച ചെയ്യും. പത്ത് വർഷത്തോളമായി ചർച്ചകൾ തുടരുന്ന ആസിയാൻ-ചൈന പെരുമാറ്റച്ചട്ടം ഇനിയും അന്തിമ രൂപത്തിലായിട്ടില്ല. ഇതിനിടയിൽ, ത​ർ​ക്ക​പ്ര​ദേ​ശ​മാ​യ സെ​ക്ക​ൻ​ഡ് തോ​മ​സ് ഷോ​ളിനു സ​മീ​പം ഫി​ലിപീ​ൻ​സ് സൈനികനുനേരേ ചൈനീ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ആ​ക്ര​മ​ണം ന​ട​ത്തിയത് മേ​ഖ​ല​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ചൈനയുടെ ഇത്തരം അപകടകരവും ആക്രമണപരവുമായ നടപടികളെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ശക്തമായി അപലപിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ എന്നിവരുൾപ്പെടെ ഇന്ത്യ, ജപ്പാൻ, ആസ്ട്രേലിയ, റഷ്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങളുടെ പ്രതിനിധികളും ആസിയാൻ നേതൃത്വത്തിലുള്ള യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിനിടയിൽ ഇവർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ചൈനയുടെ പേരെടുത്ത് പരാമർശിക്കാതെ, ഫിലിപ്പീൻസിലെത്തിയ മാർക്കോ റൂബിയോ ചൈനീസ് നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ചു. നാവിഗേഷൻ സ്വാതന്ത്ര്യം എപ്പോഴുമുള്ളതല്ലെന്നും, വാ​ണി​ജ്യ പാ​ത​ക​ൾ ഒ​രു പ്ര​ത്യേ​ക ശ​ക്തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്ന​ത് മേ​ഖ​ല​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​നും സു​ര​ക്ഷ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്നും റൂബിയോ മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ 2016ലെ ആർബിട്രൽ വിധി അന്തിമവും ബാധകവുമാണെന്ന് ആവർത്തിച്ച റൂബിയോ, ഫിലിപ്പൈൻസിനും സഖ്യകക്ഷികൾക്കുമൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ചൈന ഈ കോടതി വിധി ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതിനിടയിൽ, ഫിലിപ്പൈൻസ് കോസ്റ്റ് ഗാർഡിന്റെ സമുദ്ര നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായി ആസ്ട്രേലിയ പുതിയ പ്രഖ്യാപനം നടത്തി. ദൂരപരിധിയുള്ള ഡ്രോണുകൾ, വെള്ളത്തിനടിയിലെ ഡ്രോൺ സംവിധാനങ്ങൾ, പ്രത്യേക പരിശീലനം എന്നിവ ഉൾപ്പെടുന്ന 67 ലക്ഷം ഡോളറിന്റെ പുതിയ പാക്കേജാണ് ആസ്ട്രേലിയ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

Tags:    
News Summary - ASEAN's top diplomats meet in shadow of U.S.-Iran conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.