മനില: ആസിയാൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി മനിലയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോക്കെതിരെ ഫിലിപ്പീൻസിൽ വൻ പ്രതിഷേധം. ഇറാനുമായുള്ള യു.എസിന്റെ യുദ്ധത്തിൽ റൂബിയോ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടി വിവിധ മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
‘യുദ്ധക്കുറ്റവാളികൾക്ക് സ്വാഗതമില്ല’, ‘ട്രംപിനെ നിരോധിക്കുക! റൂബിയോയെ നിരോധിക്കുക!’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ യോഗവേദിക്ക് പുറത്ത് തടിച്ചുകൂടിയത്. ഫലസ്തീൻ, ഇറാൻ, ഫിലിപ്പീൻസ് തുടങ്ങി യു.എസ് സൈനിക സാന്നിധ്യമുള്ള ഇടങ്ങളിലെല്ലാം അമേരിക്ക നിരന്തരം ബോംബാക്രമണങ്ങൾ നടത്തി ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകയായ ക്രിസ്റ്റീന പലബായ് ആരോപിച്ചു. ട്രംപിന്റെ ഭരണത്തിനു കീഴിൽ ലോകത്തെ ഏറ്റവും വലിയ യുദ്ധക്കുറ്റവാളിയായി യു.എസ് മാറിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
റൂബിയോയുടെ സന്ദർശനം ഫിലിപ്പീൻസിൽ കൂടുതൽ യു.എസ് സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിനും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനും ഇടയാക്കുമെന്ന് മറ്റൊരു പ്രക്ഷോഭകൻ മുന്നറിയിപ്പ് നൽകി. യു.എസുമായുള്ള ഒത്തുകളി അവസാനിപ്പിക്കാൻ ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ ചൈനയുടെ പേരെടുത്ത് പരാമർശിക്കാതെ, ഫിലിപ്പൈൻസിലെത്തിയ മാർക്കോ റൂബിയോ ചൈനീസ് നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ചു. നാവിഗേഷൻ സ്വാതന്ത്ര്യം എപ്പോഴുമുള്ളതല്ലെന്നും, വാണിജ്യ പാതകൾ ഒരു പ്രത്യേക ശക്തിയുടെ നിയന്ത്രണത്തിലാകുന്നത് മേഖലയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും റൂബിയോ മുന്നറിയിപ്പ് നൽകി. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ 2016ലെ ആർബിട്രൽ വിധി അന്തിമവും ബാധകവുമാണെന്ന് ആവർത്തിച്ച റൂബിയോ, ഫിലിപ്പൈൻസിനും സഖ്യകക്ഷികൾക്കുമൊപ്പമുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ചൈന ഈ കോടതി വിധി ഇതുവരെ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.