ഫയൽ ​ഫോട്ടോ

ആണവ പദ്ധതി: സൗദി അറേബ്യക്ക് യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകി ട്രംപ്

വാഷിങ്ടൺ: സൗദി അറേബ്യയുടെ സിവിൽ ആണവ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്ന നിർണായക കരാറിന് അംഗീകാരം നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.വാൾസ്ട്രീറ്റ് ജേർണലാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തയോട് പ്രതികരിക്കാൻ വൈറ്റ് ഹൗസോ റിയാദിലെ സൗദി അധികൃതരോ തയ്യാറായിട്ടില്ല. സൗദിയുമായി അമേരിക്കൻ സാങ്കേതികവിദ്യ പങ്കുവെക്കുന്ന ആണവ കരാറിലെത്താൻ ഡൊണാൾഡ് ട്രംപും മുൻ പ്രസിഡന്റ് ജോ ബൈഡനും മുൻപും ശ്രമങ്ങൾ നടത്തിയിരുന്നു.

30 വർഷത്തെ കാലാവധിയുള്ള കരാറിൽ ആണവ നിലയങ്ങളുടെ വികസനത്തിനായി അമേരിക്കൻ കമ്പനികളും പങ്കാളികളാകും. യു.എസ്-സൗദി സംയുക്ത പഠനത്തിന് ശേഷം സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിക്കുന്നതിനും കരാർ വഴി തുറക്കുന്നുണ്ട്.

അതേസമയം, യു.എസ് കോൺഗ്രസിന്റെ പരിശോധനക്ക് എത്തുമ്പോൾ കരാർ കടുത്ത എതിർപ്പ് നേരിടാൻ സാധ്യതയുണ്ട്. സൗദിക്ക് സ്വന്തമായി യുറേനിയം സമ്പുഷ്ടീകരിക്കാൻ അനുമതി നൽകുന്നത് മേഖലയിൽ പുതിയ ആണവ മത്സരത്തിനും ആയുധ വ്യാപനത്തിനും വഴിവെക്കുമെന്ന ഭയം ജനപ്രതിനിധികൾക്കിടയിലുണ്ട്.

സമാധാനപരമായ ആണവ ആവശ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം രഹസ്യ ആണവായുധ നിർമ്മാണം തടയാൻ പരിശോധനകൾ നടത്തുകയും ചെയ്യുന്ന വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ (ഐ.എ.ഇ.എ) സൗദി അറേബ്യയും അംഗമാണ്. എന്നാൽ, കൂടുതൽ കടുപ്പമേറിയ പരിശോധനകൾക്കും മേൽനോട്ടത്തിനും അനുമതി നൽകുന്ന ഐ.എ.ഇ.എയുടെ ‘അഡീഷണൽ പ്രോട്ടോക്കോൾ’ ഈ കരാറിന്റെ ഭാഗമല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

തെഹ്റാന്റെ ആണവായുധ ശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ യു.എസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ശക്തമായ സൈനിക നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ട്രംപിന്റെ നിർണായക പ്രഖ്യാപനം വരുന്നത്. അതേസമയം, തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണം സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്നാണ് ഇറാന്റെ നിലപാട്.

സൗദിയിൽ യുറേനിയം സമ്പുഷ്ടീകരണ അനുമതി നൽകുന്നത് ഭാവിയിൽ ആണവായുധ പദ്ധതികളിലേക്ക് വഴിമാറിയേക്കാമെന്ന് ആണവവ്യാപന വിരുദ്ധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാൻ ആണവ ബോംബ് വികസിപ്പിച്ചാൽ തങ്ങളും അത് കൈവരിക്കുമെന്ന് സൗദി കിരീടാവകാശി മുൻപ് വ്യക്തമാക്കിയതും ഇവർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ വർഷം പ്രസിഡന്റ് ട്രംപ് സൗദി അറേബ്യ സന്ദർശിക്കുന്നതിന് തൊട്ടുമുമ്പ് യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് റിയാദിലെത്തി സൗദി ഊർജ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം സൗദി അറേബ്യയും ആണവശക്തിയായ പാകിസ്താനും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ആവശ്യമായി വന്നാൽ തങ്ങളുടെ ആണവശേഷി സൗദി അറേബ്യക്ക് ലഭ്യമാക്കുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി വ്യക്തമാക്കിയത് ഇസ്രായേലിനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെട്ടത്.

Tags:    
News Summary - Trump Approves Uranium Enrichment For Saudi Arabia As Part Of Civil Nuclear Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.