വാഷിങ്ടൺ: ഇറാനെക്കുറിച്ച് "ചില നല്ല വാർത്തകൾ" ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾ സംബന്ധിച്ച ശുഭാപ്തിവിശ്വാസം നൽകുന്നതാണ് പ്രസ്താവയെങ്കിലും അത് എന്താണെന്ന് വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.
"20 മിനിറ്റ് മുമ്പ് ഞങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചു, പക്ഷേ ഇറാനുമായുള്ള പശ്ചിമേഷ്യയിലെ കാര്യങ്ങൾ വളരെ നന്നായി പോകുന്നതായി തോന്നുന്നു," ട്രംപ് പറഞ്ഞു. "നിങ്ങൾ കേട്ടിരിക്കും. അത് സംഭവിക്കേണ്ട ഒന്നാണെന്ന് ഞാൻ കരുതുന്നു. അത് അർഥവത്തായി സംഭവിക്കുന്ന ഒന്ന് മാത്രമാണ്. അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം, പക്ഷേ അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു." ട്രംപ് പറഞ്ഞു.
എന്നാൽ ബുധനാഴ്ചയോടെ ഒരു കരാറില്ലാതെ വെടിനിർത്തൽ നീട്ടാൻ കഴിയില്ലെന്നും നേരത്തെ ട്രംപ് പറിഞ്ഞിരുന്നു.യു.എസ് മധ്യസ്ഥതയിൽ ഇസ്രായേലും ലെബനനും പ്രത്യേക വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കുകയും ഇറാൻ ഹുർമുസ് കടലിടുക്ക് താൽക്കാലികമായി വീണ്ടും തുറക്കുകയും ചെയ്തതിന് ശേഷം തന്നെ പല തരത്തിലുള്ള പ്രസ്താവനകളാണ് ട്രംപ് നടത്തിയത്. ഇറാനും യു.എസും തമ്മിൽ 'ഏകദേശ കരാറിലാണ്' എന്നും തടസ്സങ്ങളൊന്നും ഇല്ലെന്നും ട്രംപ് പറഞ്ഞതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഇറാനുമായി സമാധാന കരാറിലെത്തിയില്ലെങ്കിൽ ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കയുടെ ഉപരോധം തുടരുമെന്നും വെള്ളിയാഴ്ച വൈകിട്ട് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കാലാവധി കഴിഞ്ഞാൽ അത് നീട്ടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒ രുപക്ഷേ ഞാൻ അത് നീട്ടില്ലായിരിക്കാം, പക്ഷേ ഉപരോധം തുടരും," എയർഫോഴ്‌സ് വണ്ണിൽ വെച്ച് വെടിനിർത്തൽ നീട്ടുമോ എന്ന ചോദ്യത്തിന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാധ്യമായ കരാറിനെക്കുറിച്ച് ചോദിച്ചപ്പോൾ, "അത് സംഭവിക്കുമെന്ന് ഞാൻ കരുതുന്നു" എന്ന് ട്രംപ് പറഞ്ഞു.
ഇറാനിലെ യുറേനിയം അമേരിക്കയിലേക്ക് കൊണ്ടുവരുമെന്നും ട്രംപിന്‍റെ മറ്റൊരു പ്രസ്താവന. സമാധാന കരാർ പ്രകാരം ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നിന്ന് യുറേനിയം ശേഖരം യു.എസിലേക്ക് കൊണ്ടുവരുമെന്നും ഇറാനുമായി ഒരുമിച്ച് പ്രവർത്തിക്കാൻ പോകുന്നുവെന്നും ട്രംപ് അരിസോണയിൽ പറഞ്ഞു.ആണവ പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ ഇറാൻ "എല്ലാത്തിനും സമ്മതിച്ചു" എന്നും ട്രംപ് അവകാശപ്പെട്ടു. "നമ്മൾ പോയി അവരിൽനിന്ന് അത് നേടും, തുടർന്ന് ഞങ്ങൾ അത് ഏറ്റെടുക്കും. അപ്പോഴേക്കും നമുക്ക് ഒരു കരാറിലെത്തും, ഒരു കരാറുണ്ടാകുമ്പോൾ വഴക്കിടേണ്ട ആവശ്യമില്ല. കൊള്ളാം അല്ലേ? അതാണ് നല്ലത്."ട്രംപ് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തോടെ ആരംഭിച്ച ഇറാൻ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും എണ്ണവില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തു. പാക് മധ്യസ്ഥൻ, സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ബുധനാഴ്ച മുതൽ ചർച്ചകൾ നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.