ഡൊണാൾഡ് ട്രംപ്
‘അതിർത്തികൾ അടച്ചില്ലെങ്കിൽ യൂറോപ്പ് അവസാനിക്കും’; ഫ്രാൻസിലെ സംഘർഷങ്ങൾക്ക് കാരണം കുടിയേറ്റമെന്ന് ട്രംപ്
വാഷിങ്ടൺ: ഫ്രാൻസിലടക്കം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ കുടിയേറ്റത്തിനെതിരെ കടുത്ത നിലപാടുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിർത്തികൾ അടച്ച് കുടിയേറ്റക്കാരെ നാടുകടത്തിയില്ലെങ്കിൽ യൂറോപ്പിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
കുടിയേറ്റക്കാരെ പുറത്താക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് അതിർത്തി അടക്കാൻ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫ്രാൻസിലെ സംഘർഷങ്ങളുടെ പ്രധാന കാരണം കുടിയേറ്റമാണെന്ന് ട്രംപ് ആരോപിച്ചത്. 'വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളോ ആഭ്യന്തര നയങ്ങളോ അല്ല, മറിച്ച് കുടിയേറ്റമാണ് ഫ്രാൻസിൽ ഇപ്പോൾ സംഭവിക്കുന്ന സംഭവവികാസങ്ങൾക്ക് കാരണം' അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിന്റെ വിവിധ കോണിൽനിന്നുള്ളവരെ ഫ്രാൻസിൽ നിലനിർത്തുന്നത് വലിയ തെറ്റാണെന്ന് മാക്രോണിനോട് നേരത്തേ പറഞ്ഞിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. രാജ്യത്തെ സ്നേഹിക്കാത്തവരാണ് ഫ്രാൻസിലേക്ക് എത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പാരിസ് വൈകാതെ മുസ്ലിം നഗരമായി മാറുമെന്നും ഫ്രാൻസിന്റെ അതിർത്തികൾ നേരത്തേ അടക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്ക അതിർത്തി അടച്ചപ്പോൾ ഫ്രാൻസ് അതിന് തയാറായില്ലെന്നും ഫ്രാൻസിന്റെ അതിർത്തികളാണ് ഇപ്പോൾ പ്രശ്നമെന്നും ട്രംപ് പറയുന്നു. ഊർജമേഖലയിലും ഫ്രാൻസ് ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകിയത്. യൂറോപ്യൻ രാജ്യങ്ങൾ അതിർത്തികൾ അടക്കുകയും കുറ്റവാളികളെ പുറത്താക്കുകയും ചെയ്തില്ലെങ്കിൽ യൂറോപ്പ് അവസാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിർത്തികൾ അടക്കണമെന്നും രാജ്യത്തെ വെറുക്കുന്നവരെ പുറത്താക്കണമെന്നും അദ്ദേഹം ആവർത്തിച്ചു. അല്ലാത്തപക്ഷം യൂറോപ്പിന് നിലനിൽപ്പിനുള്ള സാധ്യതയുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.
ഫ്രാൻസിൽ കർഫ്യൂ പ്രഖ്യാപിച്ചു; പ്രതിഷേധം അക്രമാസക്തമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് പ്രധാനമന്ത്രി
വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയും ഫ്രാൻസിൽ നടന്ന പ്രതിഷേധങ്ങൾ കടുത്ത അക്രമങ്ങളിലേക്ക് വഴിമാറിയതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ അധികൃതർ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചു. കച്ചവട സ്ഥാപനങ്ങൾക്കും പൊതുമുതലിനും സംരക്ഷണം നൽകുന്നതിനായി നിർദ്ദിഷ്ട മേഖലകളിൽ പ്രാദേശികമായി കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.
രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഭാഗിക കർഫ്യൂവാണ് കൂടുതൽ ഉചിതമെന്ന് പ്രധാനമന്ത്രി ലെകോർണു അഭിപ്രായപ്പെട്ടു. പാരിസ് നഗരമാകെ കർഫ്യൂ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളുടെ സുരക്ഷക്കൊപ്പം വ്യാപാര സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാരീസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്, ലിയോൺ, നീസ്, ലില്ലെ തുടങ്ങി നിരവധി നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്കാണ് കർഫ്യൂ ബാധകമാക്കിയിരിക്കുന്നത്. കൂടാതെ പാരിസിൽ ആളുകൾ കൂട്ടംകൂടുന്നതിനും പ്രതിഷേധങ്ങൾ നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.