ഫ്രാൻസിൽ കർഫ്യൂ പ്രഖ്യാപിച്ചു; പ്രതിഷേധം അക്രമാസക്തമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് പ്രധാനമന്ത്രി: 2,400ലേറെ പേർ അറസ്റ്റിൽ

പാരിസ്: വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും ജീവിതച്ചെലവ് വർധിക്കുന്നതിനെതിരെയും ഫ്രാൻസിൽ നടന്ന പ്രതിഷേധങ്ങൾ കടുത്ത അക്രമങ്ങളിലേക്ക് വഴിമാറിയതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ അധികൃതർ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചു. കച്ചവട സ്ഥാപനങ്ങൾക്കും പൊതുമുതലിനും സംരക്ഷണം നൽകുന്നതിനായി നിർദ്ദിഷ്ട മേഖലകളിൽ പ്രാദേശികമായി കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.

രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഭാഗിക കർഫ്യൂവാണ് കൂടുതൽ ഉചിതമെന്ന് പ്രധാനമന്ത്രി ലെകോർണു അഭിപ്രായപ്പെട്ടു. പാരിസ് നഗരമാകെ കർഫ്യൂ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ജനങ്ങളുടെ സുരക്ഷക്കൊപ്പം വ്യാപാര സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാരീസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക്, ലിയോൺ, നീസ്, ലില്ലെ തുടങ്ങി നിരവധി നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്കാണ് കർഫ്യൂ ബാധകമാക്കിയിരിക്കുന്നത്. കൂടാതെ പാരിസിൽ ആളുകൾ കൂട്ടംകൂടുന്നതിനും പ്രതിഷേധങ്ങൾ നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച നടന്ന അക്രമസംഭവങ്ങളിൽ പൊലീസിന് നിയന്ത്രണം നഷ്ടപ്പെട്ടതായി ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് പരസ്യമായി സമ്മതിച്ചു. അക്രമികളും കൊള്ളക്കാരും കടകൾ വ്യാപകമായി കൊള്ളയടിച്ചപ്പോൾ പ്രതിരോധിക്കാൻ ആവശ്യത്തിന് സുരക്ഷാസേന സ്ഥലത്തില്ലായിരുന്നുവെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജിസന്നദ്ധത അറിയിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രാജി നിരസിക്കുകയും സുരക്ഷ ശക്തമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഫ്രാൻസിലെ വിദ്യാഭ്യാസ സംവിധാനത്തിലെ മോശം സാഹചര്യങ്ങൾക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങളാണ് പിന്നീട് രാജ്യവ്യാപക പ്രക്ഷോഭമായി മാറിയത്. ക്ലാസ് മുറികളിലെ അമിതമായ തിരക്ക്, അധ്യാപകരുടെ കുറവ്, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപക്കുറവ് എന്നിവക്കെതിരെയാണ് ഹൈസ്കൂൾ വിദ്യാർഥികൾ ആഴ്ചകളായി സമരത്തിലേർപ്പെട്ടിരുന്നത്. അടുത്തകാലത്ത് രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ യുവജന പ്രക്ഷോഭങ്ങളിലൊന്നായി ഇത് മാറി.

വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുള്ള വിദ്യാർഥി പ്രതിഷേധങ്ങൾക്കൊപ്പം ജീവിതച്ചെലവിലെ വർധനവും പൊതുസേവനങ്ങളുടെ നിലവാരം മോശമാകുന്നതും ചോദ്യം ചെയ്ത് സാധാരണ ജനങ്ങളും തെരുവിലിറങ്ങിറങ്ങിയതോടെ സാഹചര്യം ഗുരുതരമാവുകയായിരുന്നു. 2018 മുതൽ 2020 വരെ ഇന്ധനവില വർധനവിനെതിരെ ആഴ്ചകളോളം അക്രമാസക്തമായ പ്രക്ഷോഭങ്ങൾ നടത്തിയ 'യെല്ലോ വെസ്റ്റ്' പ്രസ്ഥാനമാണ് വാരാന്ത്യത്തിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ അരലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങിയത്. തുടർന്നുണ്ടായ അക്രമങ്ങളിൽ ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും 2,300ലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ രാജ്യത്ത് കടുത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - France announces curfews in aftermath of violent protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.