ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ആവർത്തിച്ച് ശൈഖ് ഹസീന: ‘അറസ്‌റ്റോ വധശിക്ഷയോ നേരിടാൻ തയാർ’

ന്യൂഡൽഹി: 2024ൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചിരിക്കുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, വരാനിരിക്കുന്ന ഡിസംബറിൽ താൻ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുമെന്ന് ആവർത്തിച്ചു വ്യക്തമാക്കി. തനിക്ക് നേരിടേണ്ടി വന്നേക്കാവുന്ന അറസ്‌റ്റോ, പീഡനമോ, വധശിക്ഷയോ തന്നെ ഭയപ്പെടുത്തുന്നില്ലെന്നും, മടങ്ങിപ്പോകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നാണ് ഹസീനയുടെ നിലപാട്.

വാഷിങ്ടൺ ഡി.സിയിൽ വെർച്വൽ ആയി നടന്ന ചടങ്ങിനിടയിലാണ് ഹസീന ഇക്കാര്യം അറിയിച്ചത്. “ഞാൻ ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും. എന്നെ അവർക്ക് കൊല്ലാം, അറസ്റ്റ് ചെയ്യാം, പീഡിപ്പിക്കാം. എനിക്ക് ഭയമില്ല. മുമ്പും അറസ്റ്റ് നേരിടുകയും പീഡനങ്ങൾക്ക് ഇരയാകുകയും ചെയ്തിട്ടുണ്ട്. എങ്കിലും എനിക്ക് തിരിച്ചുപോകണം. അത് എന്റെ ഉത്തരവാദിത്തമാണ്” – ഹസീന പറഞ്ഞു

വിദ്യാർഥി പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ട്രൈബ്യൂണൽ 2025 നവംബറിലാണ് ഹസീനയെ കുറ്റക്കാരിയായി കണ്ടെത്തുകയും അവരുടെ അസാന്നിധ്യത്തിൽ വധശിക്ഷക്ക് വിധിക്കുകയും ചെയ്തത്. എങ്കിലും ഈ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് തള്ളിക്കളഞ്ഞ ഹസീന, ബംഗ്ലാദേശിലേക്ക് തിരികെയെത്തി കോടതികളിൽ കീഴടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

നിലവിലുള്ള താരിഖ് റഹ്മാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഹസീന ഉന്നയിച്ചത്. അഴിമതി നിറഞ്ഞതാണ് ഇപ്പോഴത്തെ സർക്കാറെന്നും, രാജ്യത്ത് തൊഴിലില്ലായ്മയും സ്ത്രീകളോടുള്ള അതിക്രമങ്ങളും വർധിച്ചുവെന്നും അവർ ആരോപിച്ചു. ബംഗ്ലാദേശിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടക്കണമെന്നും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടണമെന്നും ആവശ്യപ്പെട്ട ഹസീന, തങ്ങളുടെ ലക്ഷ്യം അധികാരമല്ലെന്നും മറിച്ച് രാജ്യത്തിന്റെ സുസ്ഥിരതയും വികസനവുമാണെന്നും വ്യക്തമാക്കി. 

അതേസമയം ശൈഖ് ഹസീനക്ക് ഇന്ത്യയിൽ അഭയം നൽകിയതിനെ ചൊല്ലി ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ഭിന്നത രൂക്ഷമാണ്. ശൈഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിൽ നടന്ന പരിപാടികളിൽ നിന്ന് ബംഗ്ലാദേശ് വിട്ടുനിന്നിരുന്നു. 

Tags:    
News Summary - ‘I am not afraid’: Sheikh Hasina vows to return to Bangladesh in December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.