യന്ത്ര കയറ്റുമതി നിയന്ത്രിച്ച് ചൈന; ഇന്ത്യയുടെ അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രതിസന്ധിയിലാകുമോ?
ബെയ്ജിങ്: മെട്രോ റെയിൽ, അതിവേഗ റെയിൽപാതകൾ, തുരങ്കനിർമാണം തുടങ്ങിയ പദ്ധതികൾക്ക് ആവശ്യമായ ടണൽ ബോറിങ് മെഷീനുകൾ (ടി.ബി.എം) ഉൾപ്പെടെയുള്ള സുപ്രധാന യന്ത്രങ്ങളുടെ കയറ്റുമതിക്ക് ചൈന പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
നവംബർ 18 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷയും രാജ്യതാൽപര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ചൈനയുടെ വിശദീകരണം. എന്നാൽ, ചൈനീസ് യന്ത്രങ്ങളെയും സാങ്കേതികവിദ്യയെയും ആശ്രയിക്കുന്ന ഇന്ത്യയിലെ വൻകിട നിർമാണ പദ്ധതികൾക്ക് തീരുമാനം തിരിച്ചടിയായേക്കും.
രാജ്യത്തെ വിവിധ നഗരങ്ങളിൽ പുരോഗമിക്കുന്ന ഭൂഗർഭ മെട്രോ പദ്ധതികൾ, അതിവേഗ റെയിൽപാതകൾ, അതിർത്തി മേഖലകളിലടക്കം നിർമിക്കുന്ന തുരങ്കങ്ങൾ എന്നിവയെ നിയന്ത്രണങ്ങൾ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലേക്കുള്ള ടണൽ ബോറിങ് മെഷീനുകളുടെ കയറ്റുമതിക്ക് ചൈന നേരത്തെയും തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ചൈനയിൽ ടി.ബി.എമ്മുകൾ നിർമിക്കുന്ന ജർമൻ കമ്പനിക്ക് അവ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ ബെയ്ജിങ് അനുമതി നൽകുന്നില്ലെന്ന് 2024ൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ജർമൻ വൈസ് ചാൻസലർ റോബർട്ട് ഹാബെക്കിനോട് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് യന്ത്രങ്ങളുടെ കയറ്റുമതിക്ക് ഔദ്യോഗികമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ടണൽ ബോറിങ് മെഷീനുകൾക്കു പുറമേ ദുർഘടമായ ഭൂപ്രദേശങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന വാക്കിങ് എക്സ്കവേറ്ററുകൾ, ഉയർന്ന പർവതപ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന പ്ലാറ്റോ-ടൈപ്പ് വെറ്റ് ഷോട്ട്ക്രീറ്റ് മെഷീനുകൾ എന്നിവയും നിയന്ത്രണങ്ങളുടെ പരിധിയിൽ വരും.
ചക്രങ്ങൾക്കും പ്രത്യേക പിന്തുണ സംവിധാനങ്ങൾക്കും പുറമേ യന്ത്രത്തിന്റെ പ്രവർത്തനഭാഗങ്ങളുടെ സഹായത്തോടെയും സഞ്ചരിക്കാൻ കഴിയുന്നവയാണ് വാക്കിങ് എക്സ്കവേറ്ററുകൾ. സാധാരണ നിർമാണ യന്ത്രങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ മണ്ണുനീക്കത്തിനും ഖനനത്തിനും ഇവ ഉപയോഗിക്കുന്നു.
ഉയർന്ന പ്രദേശങ്ങളിൽ തുരങ്കങ്ങളുടെയും മറ്റ് നിർമിതികളുടെയും ഉപരിതലത്തിൽ കോൺക്രീറ്റ് മിശ്രിതം സമ്മർദത്തോടെ സ്പ്രേ ചെയ്യുന്നതിനാണ് വെറ്റ് ഷോട്ട്ക്രീറ്റ് മെഷീനുകൾ ഉപയോഗിക്കുന്നത്. അതിനാൽ മലനിരകളിലൂടെയുള്ള റോഡ്, റെയിൽ പദ്ധതികൾക്കും പുതിയ നിയന്ത്രണങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
കടലുകളിലും നദികളിലും തുറമുഖങ്ങളിലും അടിഞ്ഞുകൂടുന്ന മണൽ, ചെളി തുടങ്ങിയവ നീക്കംചെയ്യാൻ ഉപയോഗിക്കുന്ന ഡ്രഡ്ജിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളും ചൈന പരിഷ്കരിച്ചിട്ടുണ്ട്. സ്ലറി പമ്പുകൾ, ഡ്രാഗ്ഹെഡുകൾ, കട്ടർഹെഡുകൾ എന്നിവയാണ് നിയന്ത്രണപരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.